തന്റെ കണ്മുന്നില് വച്ച് ഐശ്വര്യ റായ്ക്ക് സംഭവിച്ച കാര്‍ അപകടത്തെ കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചന്. സിനിമയുടെ ഷൂട്ടിംഗിനിടെ ഐശ്വര്യ ഇരുന്ന കസേരയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ തള്ളിമാറ്റിയതിന് ശേഷമാണ് ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് അമിതാഭ് ബച്ചന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
2004ല്‍ പുറത്തിറങ്ങിയ ‘കാക്കി’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് അപകടം നടന്നത്. അക്ഷയ് കുമാറും തുഷാര്‍ കപൂറും ആയിരുന്നു സിനിമയിലെ നായകന്മാര്. 2003ല്‍ ആണ് സിനിമയുടെ ഷൂട്ട് നടന്നത്. സ്റ്റണ്ട്മാന് വളരെ വേഗത്തില്‍ വാഹനമോടിച്ച് വന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഐശ്വര്യയുടെ കസേരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അമിത വേഗത്തില്‍ വന്ന കാര്‍ ഐശ്വര്യയെയും തുഷാറിനെയും ഞെട്ടിച്ചു. അവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെട്ടെന്ന് തന്നെ അക്ഷയ് ഓടിയെത്തി ഐശ്വര്യയുടെ ദേഹത്ത് നിന്ന് കാര്‍ തള്ളി മാറ്റി, വേഗം ആശുപത്രിലേക്ക് കൊണ്ടു പോയി. ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോകുന്നുണ്ടോ എന്ന് ഞാന്‍ ഐശ്വര്യയുടെ അമ്മയോട് ചോദിച്ചു.
അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നാസിക്കില്‍ രാത്രി ലാന്‍ഡിങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്ന് 45 മിനിറ്റ് അകലെയുള്ള സൈനിക താവളത്തിലാണ് വിമാനം ഇറക്കിയത്. ഇതിനായി ഡല്‍ഹിയില്‍ നിന്ന് അനുമതി വാങ്ങണമായിരുന്നു. വിമാനത്തില്‍ നിന്ന് സീറ്റുകളും നീക്കം ചെയ്തു.
ആ അപകടത്തിന് ശേഷം രണ്ട് രാത്രികള്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ കണ്മുന്നിലാണ് ഇത് സംഭവിക്കുന്നത്. ഐശ്വര്യയുടെ മുതുകില്‍ കള്ളിച്ചെടി മുള്ളുകള്‍ കൊണ്ട് മുറിവേറ്റിരുന്നു. പാദങ്ങളുടെ പിന്‍ഭാഗത്തെ അസ്ഥി ഒടിഞ്ഞു. ഗുരുതരമായ മുറിവുകള്‍ സംഭവിച്ചു എന്നാണ് ബച്ചന് അപകടത്തെ കുറിച്ച് പറഞ്ഞത്.