'ലൈഗര്‍' ചെയ്തതില്‍ എനിക്ക് ദുഃഖമുണ്ട്, അച്ഛന്റെ ഉപദേശങ്ങളൊന്നും ഇനി കേള്‍ക്കില്ല: അനന്യ പാണ്ഡെ

ബോക്‌സ് ഓഫീസില്‍ ഇതുവരെ ഒറ്റ ഹിറ്റ് പോലും നേടാനാവാത്ത ബോളിവുഡ് നടിയാണ് അനന്യ പാണ്ഡെ. ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. എന്നാല്‍ അച്ഛന്റെ വാക്ക് കേട്ട് ഇനി താന്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് അനന്യ ഇപ്പോള്‍. ‘ലൈഗര്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിലുള്ള ദുഃഖം പങ്കുവച്ചാണ് അനന്യ സംസാരിച്ചത്.

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ലൈഗര്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. 125 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആകെ നേടാനായത് 60 കോടി രൂപ മാത്രമാണ്. ലൈഗറില്‍ അഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് അച്ഛനാണെന്നും അത് തെറ്റായ തീരുമാനമായിരുന്നുവെന്നുമാണ് അനന്യ പറയുന്നത്.

”എന്നെ എപ്പോഴും സന്തോഷവതിയായിരിക്കാന്‍ സഹായിക്കുന്നത് എന്റെ ജോലിയാണ്. ഒരു സിനിമ നന്നായി വന്നില്ലെങ്കില്‍ നീ പിന്നെ അടുത്തതായി എന്ത് ചെയ്യുമെന്ന് അച്ഛന്‍ എപ്പോഴും ചോദിക്കാറുണ്ട്. ലൈഗര്‍ ചെയ്തതില്‍ എനിക്ക് ദുഃഖമുണ്ട്. ശരിക്കും ഞാന്‍ ലൈഗര്‍ ചെയ്തതില്‍ തെറ്റുകാരന്‍ എന്റെ അച്ഛനാണ്.”

”ഇനി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നെ ഉപദേശിക്കാന്‍ അച്ഛന് അനുവാദമില്ല. ലൈഗറിന് ശേഷം മനസ്സ് വളരെ അസ്വസ്ഥയായിരുന്നു, പക്ഷേ ഞാന്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങി” എന്നാണ് അനന്യ പറയുന്നത്. അതേസമയം, വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലൈഗര്‍. എന്നാല്‍ ചിത്രം നഷ്ടമായതോടെ നിര്‍മ്മാതാക്കള്‍ക്ക് പ്രതിഫലത്തില്‍ നിന്നും ആറ് കോടി രൂപ വിജയ് ദേവരകൊണ്ട തിരികെ നല്‍കിയിരുന്നു.