'ഒരു രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം'; രണ്‍വീര്‍ ചിത്രം '83' റിലീസ് നീട്ടി

രണ്‍വീര്‍ സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവായി വേഷമിടുന്ന “83” എന്ന സിനിമയുടെ റിലീസ് മാറ്റി. ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് -19ന്റെ പശ്ചാത്തലത്തിലാണ് നീട്ടിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മാറി സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ തിരിച്ചെത്തിയതിനു ശേഷം പുതിയ റിലീസ് തിയതി അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

“എല്ലാവരും കൊറോണ പ്രതിരോധത്തിനുള്ള ജാഗ്രതാനിര്‍ദേശങ്ങളും മുന്‍കരുതലുകളുമെടുക്കണം. പ്രതിബന്ധങ്ങളോട് പോരാടുന്ന ഒരാളുടെ കഥയാണ് “83” പറയുന്നത്. നമ്മളും ഇതിനെയെല്ലാം തരണം ചെയ്ത് ഉടനെ തിരിച്ചുവരുമെന്ന് കരുതുന്നു. 83 ഞങ്ങളുടെ സിനിമി മാത്രമല്ല, ഒരു രാജ്യത്തിന്റെ കൂടെ സിനിമയാണ്. ഒരു രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം. എല്ലാവരും സുരക്ഷിതരായിരിക്കൂ, വേണ്ട കരുതലുകള്‍ എടുക്കൂ. നമ്മള്‍ തിരിച്ചുവരും.” രണ്‍ബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B98S_TSBq21/?utm_source=ig_web_copy_link

ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റിന്റെ വിത്തുകള്‍ വാരിവിതറിയ 1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83യില്‍ രണ്‍വീര്‍ സിങ്ങിനു പുറമെ കപിലിന്റെ പത്‌നി റോമിയുടെ റോളില്‍ ദീപിക പദുകോണും എത്തുന്നു.