ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഗംഭീര തുടക്കം ലഭിച്ച താരമാണ് ഓപണർ യശസ്‌വി ജയ്‌സ്വാൾ. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 161 റൺസ് നേടി ഇന്ത്യക്ക് വിജയിക്കാൻ നിർണായകമായ പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. എന്നാൽ ആദ്യ ടെസ്റ്റിൽ നടത്തിയ പോലത്തെ മാസ്മരിക പ്രകടനം തുടർന്നുള്ള ടെസ്റ്റ് പരമ്പരയിൽ നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
റിസ്ക് ആയ ഷോട്ടുകൾ കളിക്കുന്നതിൽ പരാജയപ്പെട്ട് വിക്കറ്റ് വെറുതെ വലിച്ചെറിയുന്നു എന്നാണ് പല മുൻ താരങ്ങളും ഉന്നയിക്കുന്ന ജയ്‌സ്വാളിന്റെ പോരായ്മ. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ജയ്‌സ്വാളിനെ പുറത്താക്കിയത് മിച്ചൽ സ്റ്റാർക്ക് ആയിരുന്നു. ജയ്‌സ്വാൾ കൂടുതൽ ശ്രദ്ധിക്കണമെന്നും, റൺസ് നേടാൻ ഇത്രയും ധൃതിയുടെ ആവശ്യം ഇല്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ചേതേശ്വർ പുജാര.
ചേതേശ്വർ പുജാര പറയുന്നത് ഇങ്ങനെ:
“ജയ്‌സ്വാൾ തനിക്ക് കുറച്ചുകൂടി സമയം നൽകേണ്ടതുണ്ട്, ചില ഷോട്ടുകൾ കളിക്കാൻ അനാവശ്യ ധൃതി താരം കാണിക്കുന്നു, റിസൾട്ട് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഷോട്ടുകൾ കളിക്കാവൂ, പ്രത്യേകിച്ചും. ആദ്യ 5-10 ഓവറുകളിൽ. ഇന്ത്യൻ ക്രിക്കറ്റിലെ ആക്രമണാത്മക ബാറ്ററെന്ന് പറയപ്പെടുന്ന വീരേന്ദർ സെവാഗ് പോലും ആദ്യത്തിൽ ഷോട്ടുകൾ സൂക്ഷിച്ച കളിക്കൂ, പന്ത് വരാൻ കാത്തിരുന്ന് വേണം കളിക്കാൻ, ടെസ്റ്റിൽ വേണ്ടത് ക്ഷമ കൂടിയാണ്” ചേതേശ്വർ പുജാര പറഞ്ഞു.
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചും, ഒരു മത്സരം സമനിലയിലും നിൽക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യക്ക് ഇനിയുള്ള എല്ലാ ടെസ്റ്റ് മത്സരങ്ങളും വിജയിക്കണം.