‘പത്താന്’ സിനിമയിലെ ‘ബേശരം രംഗ്’ ഗാനത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്. ഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉള്‍പ്പെടെ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ പ്രസൂണ്‍ ജോഷി അറിയിച്ചത്.
ഹിന്ദിക്ക് പുറമേ, തമിഴിലും തെലുങ്കിലും സിനിമ പ്രദര്‍ശിപ്പിക്കും. സെന്‍സര്‍ ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെ പത്താന്‍ കടന്നുപോയി. നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി പുതിയ പതിപ്പ് സമര്‍പ്പിക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ഗാത്മകമായ ആവിഷ്‌കാരവും പ്രേക്ഷകരുടെ സംവേദനക്ഷമതയും തമ്മിലുള്ള ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താന്‍ സെന്‍സര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. അര്‍ത്ഥവത്തായ സംഭാഷണത്തിലൂടെ എല്ലായ്‌പ്പോഴും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസം എന്നാണ് പ്രസൂണ്‍ ജോഷി വിശദീകരിച്ചത്.
ചിത്രത്തിന്റെതായി ആദ്യം റിലീസ് ചെയ്ത ഗാനമാണ് ബേശരം രംഗ്. ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞു എന്ന് പറഞ്ഞാണ് സംഘപരിവാര്‍ സംഘടനകളും തീവ്രഹിന്ദുത്വവാദികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
Read more
ചിത്രം ബഹിഷ്‌കരിക്കണമെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നു. രാജ്യത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതി എത്തുകയും ചെയ്തു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് പത്താന്‍.