കങ്കണ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി, അവര്‍ ഇങ്ങനെ ചെയ്തത് ശരിയായില്ല: ഇമ്രാന്‍ ഹാഷ്മി

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് കങ്കണ റണാവത്ത്. ബോളിവുഡ് മുഴുവനും ലഹരിക്ക് അടിമകളാണെന്നും കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍. നടി പറയുന്നത് അവരുടെ അഭിപ്രായമാകാം, എന്നാല്‍ ഇന്‍ഡസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് നടന്‍ പറയുന്നത്.

2020ല്‍ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തതിന് പിന്നാലെ ആയിരുന്നു കങ്കണ ബോളിവുഡിനെ അടച്ചാക്ഷേപിച്ചത്. ബോളിവുഡിലെ നെപ്പോട്ടിസത്തെ കുറിച്ച് കങ്കണ പറയുന്നത് കേട്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുപോയി എന്നാണ് ഒരു അഭിമുഖത്തില്‍ ഹാഷ്മി പറഞ്ഞിരിക്കുന്നത്.

”നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും കങ്കണ മികച്ച ഒരാളാണ്. ഇന്‍ഡസ്ട്രിയില്‍ അവര്‍ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടാകാം. തുടക്ക സമയങ്ങളില്‍ അവര്‍ക്ക് വേണ്ട സ്വീകാര്യത ലഭിച്ചിട്ടുണ്ടാകില്ല. എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യത ലഭിക്കണമെന്നുമില്ല. കങ്കണയ്ക്കൊപ്പം ഗാങ്സ്റ്റര്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല അനുഭവമായിരുന്നു.”

”കരിയറിന്റെ മികച്ച സമയമായിട്ടും ആ ചിത്രത്തില്‍ ഞാന്‍ വില്ലന്‍ കഥാപാത്രമായി എത്തിയപ്പോള്‍ കങ്കണ കേന്ദ്ര കഥാപാത്രമായി. കങ്കണ പറയുന്ന സ്വജനപക്ഷപാതം ഉണ്ടായിരുന്നുവെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു” എന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.

Read more

ആളുകളെല്ലാം പറയുന്നു ബോളിവുഡ് മുഴുവന്‍ ലഹരി അടിമകളാണെന്നും നെപ്പോട്ടിസമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും. കങ്കണയ്ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. എന്നാല്‍ ഇന്റസ്ട്രിയെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും ലഹരിക്ക് അടിമകള്‍ അല്ല എന്നും ഇമ്രാന്‍ ഹാഷ്മി വ്യക്തമാക്കി.