വിശ്വാസ വഞ്ചന: ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസ്

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്. ലഖ്‌നൗവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജസ്വന്ത് ഷാ എന്നയാളുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരമാണ് കേസ്.

സുശാന്ത് ഗോള്‍ഫി സിറ്റിയിലുള്ള തുള്‍സിയാനി ഗോള്‍ഡ് വ്യൂ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റ് വാങ്ങുന്നതിനായി കരാര്‍ പ്രകാരം 86 ലക്ഷം നല്‍കിയിട്ടും തനിക്ക് ഉടമസ്ഥാവകാശം കൈമാറിയിട്ടില്ല എന്നാണ് പരാതി. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഗൗരി ഖാന്‍.

ഗൗരി ഖാന്‍ ബ്രാന്‍ഡ് അമ്പാസിഡറായതിനാലാണ് താന്‍ ഫ്‌ളാറ്റ് വാങ്ങാന്‍ പണം നല്‍കിയതെന്നും പരാതിക്കാരനായ ഷാ പറഞ്ഞു. ഐപിസി സെക്ഷന്‍ 409 പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഗൗരി ഖാന് പുറമേ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടര്‍ അനില്‍ കുമാര്‍ തുള്‍സിയാനി, കമ്പനി ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും ജസ്വന്ത് ഷാ പരാതി നല്‍കിയിട്ടുണ്ട്.

Read more

ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുണ്ട് ഗൗരിക്ക്. മുകേഷ് അംബാനി, റോബര്‍ട്ടോ കാവല്ലി, റാല്‍ഫ് ലൌറെന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡിലെ പല പ്രശസ്തരുടെയും വീടുകളുടെ ഇന്റീരിയര്‍ ഡിസൈനിംഗ് ഗൗരി ചെയ്തിട്ടുണ്ട്.