രാഖി സാവന്തിന്റെ ബയോപിക് ഒരുക്കാന്‍ ജാവേദ് അക്തര്‍; ആലിയ ഭട്ട് നായികയാകണം എന്ന് നടി

തന്റെ ജീവിതം സിനിമയാക്കാന്‍ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ താല്‍പര്യം പ്രകടപ്പിച്ചതായി കഴിഞ്ഞ ദിവസം നടി രാഖി സാവന്ത് വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ കാര്യം സംസാരിക്കാനായി ജാവേദ് അക്തര്‍ വിളിച്ചിരുന്നതായി രാഖി പറഞ്ഞത്.

രാഖി പറഞ്ഞ കാര്യങ്ങള്‍ ശരിവച്ച് രംഗത്തെത്തിയിരിക്കുയാണ് ജാവേദ് അക്തര്‍ ഇപ്പോള്‍. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനയാത്രക്കിടയില്‍ രാഖി സാവന്തിനെ കണ്ടിരുന്നു. അന്ന് രാഖിയുടെ ബാല്യകാല കഥകള്‍ കേട്ട് എന്നെങ്കിലും ഒരിക്കല്‍ അവരുടെ ജീവിതം താന്‍ തിരക്കഥയാക്കുമെന്ന് പറഞ്ഞിരുന്നതായി ജാവേദ് അക്തര്‍ പറയുന്നു.

കോവിഡിന് മുമ്പ് ജാവേദ് അക്തറിന്റെ കോള്‍ വന്നു. തന്റെ ജീവിതകഥ എഴുതണമെന്നും അതിനായി കാണണം എന്നുമായിരുന്നു പറഞ്ഞത്. പക്ഷെ അന്ന് അദ്ദേഹത്തെ കാണാനായില്ല. എന്നാല്‍ തന്റെ ജീവിതകഥ ഈ രാജ്യത്തിലെ ജനങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട് എന്നാണ് രാഖി പറഞ്ഞത്.

Read more

കൂടാതെ തന്റെ ബയോപിക്കില്‍ ആലിയ ഭട്ട് നായിക ആവണം എന്നാണ് ആഗ്രഹമെന്നും രാഖി പറഞ്ഞു. അവര്‍ തന്നെയാണോ ആലിയ ഭട്ടിനെയാണോ കൊണ്ടുവരാന്‍ പോകുന്നതെന്ന് അറിയില്ല. താനല്ലെങ്കില്‍ ആലിയ ചെയ്യണമെന്നാണ് ആഗ്രഹം എന്ന് രാഖി പറയുന്നു.