'ജവാന്‍ ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമ..'; റിലീസിന് മുമ്പേ റിവ്യൂകള്‍, സത്യാവസ്ഥ ഇതാണ്..

സെപ്റ്റംബര്‍ 7ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ് ഷാരൂഖ് ഖാന്‍-അറ്റ്‌ലീ ചിത്രം ‘ജവാന്‍’. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചതോടെ രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. എന്നാല്‍ റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന്റെ ഭാഗമായി ജവാന്‍ കണ്ടെന്നും സിനിമ മോശമാണെന്നുമാണ് എക്‌സില്‍ പോസ്റ്റുകള്‍ എത്തുന്നത്. ”ഇന്ന് സിംഗപ്പൂരിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ വച്ച് ജവാന്‍ കണ്ടു. ഇത് 2023ലെ ഏറ്റവും മോശം സിനിമയാണ്” എന്നാണ് ഒരു പോസ്റ്റ്.

എന്നാല്‍ ഈ റിവ്യൂകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ട്രേഡ് അനലിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ”ജവാന്റെതായി വരുന്ന തെറ്റായ റിവ്യൂകള്‍ വിശ്വസിക്കാതിരിക്കുക. സെന്‍സര്‍ ബോര്‍ഡ് എന്താ പബ്ലിക് ഗാഡന്‍ ആണോ കാണുന്നവര്‍ക്ക് ഒക്കെ വന്ന് സിനിമ കാണാന്‍” എന്നാണ് ട്രേഡ് അനലിസ്റ്റ് അതുല്‍ മോഹന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”ജവാന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് ഇതുവരെ നടന്നിട്ടില്ല. സിനിമ കണ്ടുവെന്ന് അവകാശപ്പെടുന്ന ‘വിമര്‍ശകര്‍’ പറയുന്നത് സത്യമല്ല. ഈ തെറ്റായ റിവ്യൂകളില്‍ വിശ്വസിക്കരുത്” എന്നാണ് ഷാരൂഖ് ഖാന്റെ ഫാന്‍സ് പേജുകളില്‍ എത്തിയിരിക്കുന്ന പോസ്റ്റ്.

Read more

സേ നോ ടു ഫെയ്ക്ക് റിവ്യൂസ് (#SayNoToFakeReviesw) എന്ന ഹാഷ്ടാഗുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ജവാന്‍ റിലീസിന് മുമ്പ് തിരുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയാണ് ഷാരൂഖ് ഖാനും നയന്‍താരയും. കുടുംബങ്ങള്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്.