സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണ് കങ്കണയുടെ സിനിമാജീവിതം നിലനില്‍ക്കുന്നത്: വിമര്‍ശനവുമായി നടി നഗ്മ, ന്യായീകരിച്ച് നടിയുടെ ടീം

കങ്കണ റണൗട്ടിനെതിരെ കടുത്ത വിമര്‍ശനവുമായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മ. കങ്കണയുടെ സിനിമാജീവിതം നിലനില്‍ക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണെന്നാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയോടെ ബോളിവുഡിലെ മൂവി മാഫിയ എന്ന് പറഞ്ഞ് സ്വജനപക്ഷപാതത്തിനെതിരെ കങ്കണ വിമര്‍ശനവുമായി എത്തിയിരുന്നു.

ഇതിന് മറുപടിയായാണ് നഗ്മയുടെ ട്വീറ്റ്. ആദിത്യ പഞ്ചോളി (കങ്കണയുടെ മുന്‍ കാമുകന്‍), ഇമ്രാന്‍ ഹാഷ്മി (ആദ്യ നായകന്‍), മഹേഷ് ഭട്ട് (ആദ്യ സിനിമയുടെ നിര്‍മ്മാതാവ്), ഹൃത്വിക് റോഷന്‍ (സഹതാരം), രംഗോലി ചന്ദല്‍ (കങ്കണയുടെ സഹോദരിയും മാനേജരും) എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് നഗ്മ പങ്കുവച്ചിരിക്കുന്നത്.

“”ഇതിന് പിന്നാലെ കങ്കണയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ന്യായീകരണങ്ങളും എത്തി. പഞ്ചോളി, കങ്കണയുടെ കാമുകനായിരുന്നില്ല എന്ന് ഒരുപാട് തവണ വ്യക്തമാക്കിയതാണ്. ഉപദേഷ്ടാവാം എന്ന് പറഞ്ഞ് ദ്രോഹം ചെയ്തയാളാണ്. ഓഡിഷനും ഷൂട്ടിങ്ങിനും പോകുമ്പോള്‍ കങ്കണയെ തളര്‍ത്താനാണ് ശ്രമിച്ചത്. അനുരാഗ് ബസുവിന് കങ്കണയെ പരിചയപ്പെടുത്തിയത് അയാളല്ല. അയാളെ അനുരാഗ് ബസുവിന് അറിയുക പോലുമില്ല.””

“”ആദ്യ ചിത്രം ഗ്യാങ്‌സ്റ്ററിനായി ഓഡിഷന് പോയാണ് ചിത്രത്തിലെത്തിയത്, അവിടെ സ്വജനപക്ഷപാതമില്ല. ക്രിഷ് ചെയ്യാന്‍ ആഗ്രഹിക്കാത്ത കങ്കണയെ അതിനായി നിര്‍ബന്ധിച്ച് കരിയര്‍ നശിപ്പിക്കുകയായിരുന്നു. കങ്കണയെ ഹൈര്‍ ചെയ്യാന്‍ ഒരു ഏജന്‍സിയും തയാറായിരുന്നില്ല. കാരണം വിവാഹച്ചടങ്ങുകളില്‍ ആളുകള്‍ കാശ് വാരി എറിയുമ്പോള്‍ നൃത്തം ചെയ്യാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.””

“”ഫെയര്‍നെസ് ക്രീം പരസ്യങ്ങള്‍ ഏറ്റെടുക്കാറില്ല. അതിനാല്‍ രംഗോലി അവരുടെ സിനിമയുടെ ഡേറ്റുകള്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചു. അവര്‍ ഇംഗ്ലീഷ് സംസാരിക്കാറില്ല. ഏതൊരു സഹോദരിയും ചെയ്യുന്നത് മാത്രമേ അവരും ചെയ്തിട്ടുള്ളു. നുണകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ”” എന്നാണ് കങ്കണയുടെ ടീം നാല് പോയിന്റുകളായി ട്വീറ്റ് ചെയ്തിരിക്കുന്നത്.