'രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന ബോളിവുഡിന്റെ കച്ചവടം പൂട്ടി'; സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിയെ സ്വാഗതം ചെയ്ത് കങ്കണ

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി ചെയ്യാനുള്ള തീരുമനത്തെ സ്വാഗതം ചെയ്ത് നടി കങ്കണ റണാവത്. അത്യാവശ്യമായിരുന്ന മാറ്റമായിരുന്നു. ഈ നിയമം രാജ്യത്തെ വിറ്റ് കാശാക്കുന്ന സിനിമക്കാരുടെ കച്ചവടം പൂട്ടുമെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

“”അത്യാവശ്യമായിരുന്ന ഒരു മാറ്റം. ബോളിവുഡ് എന്ന പേരില്‍ മാഫിയ, തീവ്രവാദം, മയക്കുമരുന്ന് കച്ചവടം, പാകിസ്ഥാന്‍ അനുകൂലികള്‍ എന്നിവര്‍ പൂണ്ടു വിളയാടുകയായിരുന്നു. ഇനി രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന എല്ലാവരുടെയും കച്ചവടം പൂട്ടി”” എന്നാണ് കങ്കണ കുറിച്ചത്.

കേന്ദ്രസര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും.

ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.