മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിലൂടെ അറിയിച്ചു. നേരത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം മിഥുന്‍ ചക്രവര്‍ത്തിയെ ആദരിച്ചിരുന്നു.

1976-ല്‍ സിനിമാജീവിതം ആരംഭിച്ച മിഥുന്‍ ചക്രവര്‍ത്തിക്ക് ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്‌കോ ഡാന്‍സര്‍, ജങ്, പ്രേം പ്രതിഗ്യാ, പ്യാര്‍ ഝുക്ടാ നഹി, മര്‍ദ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ ഇന്ത്യയെമ്പാടും ആരാധകരെ മിഥുന്‍ ചക്രവര്‍ത്തി സൃഷ്ടിച്ചിട്ടുണ്ട്.

2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. സുമന്‍ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പുരി, തമിഴ് ഭാഷകളിലായി 350 ഓളം ചിത്രങ്ങളില്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ചിട്ടുണ്ട്.