എന്റെ ഇരുണ്ട നിറം മാറ്റാനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു, പക്ഷെ..: മിഥുന്‍ ചക്രവര്‍ത്തി

ഇരുണ്ട നിറം കാരണം ബോളിവുഡില്‍ നേരിട്ട അവഗണനയെ കുറിച്ച് പറഞ്ഞ് മിഥുന്‍ ചക്രവര്‍ത്തി. തന്റെ നിറം മാറാന്‍ വേണ്ടി ദൈവത്തിനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് മിഥുന്‍ ചക്രവര്‍ത്തി തുറന്നു പറഞ്ഞിരിക്കുന്നത്. രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സ്വീകരിച്ച ശേഷമാണ് മിഥുന്‍ ചക്രവര്‍ത്തി സംസാരിച്ചത്.

”ബോളിവുഡില്‍ ഇരുണ്ട നിറമുള്ള നടന്‍മാര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല എന്നാണ് പലരും തന്നോട് പറഞ്ഞത്. എന്റെ നിറം മാറ്റാമോ എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു. ഒടുവില്‍ നിറം മാറ്റാന്‍ പറ്റില്ലെന്ന കാര്യം ഞാന്‍ അംഗീകരിച്ചു. പകരം എന്റെ ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.”

”പ്രേക്ഷകര്‍ എന്റെ നിറം അവഗണിക്കും വിധം ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് മാറാനായിരുന്നു തീരുമാനം. കഠിനാധ്വാനത്തിലൂടെയാണ് താന്‍ ഇതുവരെ എല്ലാം നേടിയത്” എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്. ആദ്യമായി നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് ശേഷമുള്ള ഒരു സംഭവവും മിഥുന്‍ ചക്രവര്‍ത്തി ഓര്‍ത്തെടുത്തു.

”ഞാന്‍ അല്‍ പാച്ചിനോയെ പോലെയാണൈന്ന് കരുതി നിര്‍മ്മാതാക്കളെ നിസാരരായി കണ്ട് പെരുമാറാന്‍ തുടങ്ങി. എന്നാല്‍ ഒരു നിര്‍മ്മാതാവ് അയാളുടെ ഓഫീസില്‍ നിന്ന് എന്നെ പുറത്താക്കി. ആ ദിവസം ഞാന്‍ അല്‍ പാച്ചിനോയെ പോലെയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വ്യാമോഹങ്ങളും അവിടെ അവസാനിച്ചു” എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്.