രാമനായി രണ്‍ബിറും സീതയായി സായ് പല്ലവിയും; വമ്പന്‍ ബജറ്റില്‍ 'രാമായണ', ഷൂട്ടിംഗ് ആരംഭിച്ചു; വീഡിയോ പുറത്ത്

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂറ്റന്‍ തൂണുകളുടെയും കൂറ്റന്‍ കൊട്ടാരം പോലുള്ള ഘടനകളുടെയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ചിത്രത്തിലെത്തുന്ന രണ്‍ബിര്‍ കപൂര്‍ ഉടന്‍ തന്നെ ടീമിനൊപ്പെം ചേരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്. യാഷ് ആണ് രാവണനായി എത്തുക.

500 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്.

രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്. അതേസമയം, ചിത്രത്തിനായി രണ്‍ബിര്‍ നോണ്‍വെജും പാര്‍ട്ടികളും മദ്യാപനവും ഉപേക്ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

രാവണനാകാന്‍ 15 ദിവസമാണ് യഷ് അനുവദിച്ചിട്ടുള്ളതെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രത്തില്‍ ഹനുമാനായി സണ്ണി ഡിയോള്‍ എത്തുമെന്ന വാര്‍ത്തകളും അടുത്തിടെ എത്തിയിരുന്നു. ആലിയ ഭട്ടിനെ ആയിരുന്നു ആദ്യം സീതയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ആലിയ പിന്മാറുകയായിരുന്നു.

Read more