നടന്‍ രണ്‍ദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമായ ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ ഓപ്പണിംഗ് ദിനത്തില്‍ നേടിയത് കോടികള്‍. ടൈറ്റില്‍ കഥാപാത്രമായ സവര്‍ക്കര്‍ ആയി രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രത്തില്‍ വേഷമിട്ടത്. മാര്‍ച്ച് 22ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 1.15 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍ 2022ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി.
ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍. 2021 ജൂണില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആര്‍ ഭക്തി ക്ലെന്‍, മാര്‍ക്ക് ബെന്നിങ്ടണ്‍, അമിത് സിയാല്‍ എന്നിവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ മാത്രമല്ല, ഇനിയും നിരവധി പ്രൊപ്പഗാണ്ട സിനിമകള്‍ എത്താനൊരുങ്ങുന്നുണ്ട്.
Read more
2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഉറി, പിഎം നരേന്ദ്ര മോദി, ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നീ സിനിമകള്‍ സംഘപരിവാര്‍ രാഷ്ട്രീയം കലര്‍ത്തി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്റെ പിന്തുടര്‍ച്ച എന്നതു പോലെയാണ് സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ മാത്രമല്ല, ‘ജെഎന്‍യു-ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി’ അടക്കമുള്ള സിനിമകളും എത്തുന്നുണ്ട്.