100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടി രവീണ ടണ്ടന്‍. ആള്‍ക്കൂട്ടവുമായി നടന്ന പ്രശ്‌നത്തില്‍ തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെയാണ് നടി കേസ് നല്‍കിയിരിക്കുന്നത്. എക്‌സിലൂടെ വീഡിയോ പങ്കുവെച്ച ആള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബാന്ദ്രയില്‍ വച്ച് നടി മദ്യലഹരിയില്‍ അമിതവേഗതയില്‍ കാറോടിച്ച നടി നാട്ടുകാരെ അപമാനിച്ചുവെന്നായിരുന്നു ആദ്യം ഉയര്‍ന്ന പരാതികള്‍. എന്നാല്‍ രവീണയക്കെതിരെ ലഭിച്ച പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നേരത്തെ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയതെന്നും പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് അറിയിച്ചു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു.
ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കം ഉടലെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം രൂക്ഷമായതോടയാണ് ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ടന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകനെന്ന് അവകാശപ്പെട്ട വീഡിയോ പ്രചരിപ്പിച്ചയാള്‍, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിലൂടെ നടിയെ മനപൂര്‍വം അപമാനിക്കാനാണ് ശ്രമിച്ചതെന്നും സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നും രവീണയുടെ അഭിഭാഷക പറഞ്ഞു. കുറ്റക്കാരന് ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.