സൈന്യത്തെ അപമാനിച്ച് റിച്ച ഛദ്ദയുടെ ട്വീറ്റ്! വിവാദം

ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിച്ചെന്ന വിമര്‍ശനത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് നടി റിച്ച ഛദ്ദ. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് റിച്ച ഛദ്ദ വിവാദ പരാമര്‍ശം നടത്തിയത്.

‘ഗാല്‍വന്‍ ഹായ് പറയുന്നു’ (Galwan says hi) എന്നായിരുന്നു റിച്ചയുടെ ട്വീറ്റ്. തുടര്‍ന്ന് 2020ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തെ പരിഹസിക്കുകയും ജവാന്മാരുടെ ത്യാഗത്തെ ഇകഴ്ത്തുകയും ചെയ്‌തെന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നു.

2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാനില്‍ ചൈനീസ് പിഎല്‍എയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വിവാദ ട്വീറ്റിനെ തുടര്‍ന്ന് സുപ്രിം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ റിച്ചയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംഭവം വിവാദമായതോടെ താരം ട്വിറ്ററിലൂടെ മാപ്പ് ചോദിച്ചു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മനപൂര്‍വമല്ലെന്നും റിച്ച പറഞ്ഞു. തന്റെ മുത്തച്ഛനും സഹോദരന്മാരും സൈന്യത്തിലായിരുന്നുവെന്നും റിച്ച തന്റെ ക്ഷമാപണ ട്വീറ്റില്‍ പറഞ്ഞു.

ഇന്ത്യ-ചൈന യുദ്ധത്തില്‍ ലെഫ്റ്റനന്റ് കേണല്‍ ആയിരുന്ന തന്റെ മുത്തച്ഛന് കാലില്‍ വെടിയേറ്റിരുന്നതായും നടി വ്യക്താക്കി. ട്വീറ്റിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ശിവസേന വക്താവ് ആനന്ദ് ദുബെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകാന്ത് ഷിന്‍ഡെയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടിട്ടുണ്ട്.