സുശാന്ത് സിംഗ് രജ്പുത്തിനെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങളോട് പ്രതികരിച്ച് സഹതാരം സഞ്ജന സങ്കി. സുശാന്ത് അവസാനമായി അഭിനയിച്ച സിനിമ “ദില്‍ ബേച്ചാര”യുടെ ചിത്രീകരണ സമയത്ത് 2018-ല്‍ ആണ് നടനെതിരെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നത്. സഞ്ജനയോട് മോശമായി പെരുമാറി എന്ന വാര്‍ത്തകളാണ് അന്ന് പ്രചരിച്ചിരുന്നത്.
മീടൂ ആരോപണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടും സുശാന്തും താനും അസ്വസ്ഥരായിരുന്നു. തങ്ങള്‍ തമ്മില്‍ എങ്ങനെയാണെന്ന് തങ്ങള്‍ക്കറിയാം അതിനാല്‍ എന്നും ഷൂട്ടിംഗിനെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ലേഖനങ്ങളാണ് തങ്ങളുടെ പേരില്‍ വന്നുകൊണ്ടിരുന്നത്. അത് വ്യാപകമായപ്പോഴും തങ്ങള്‍ക്കിടെയിലെ സൗഹൃദത്തിന് മാറ്റം വന്നില്ലെന്നും സഞ്ജന പറയുന്നു.
“”ഈ ലേഖനങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നതിനാല്‍ ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് മാറ്റം വന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യം മറ്റുള്ളവരെ ബോധിപ്പിക്കുക എന്നത് സങ്കടകരമായ അവസ്ഥയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ചാറ്റുകള്‍ പുറത്ത് വിട്ടോട്ടെ എന്ന് അവന്‍ ചോദിച്ചു. പ്രശ്‌നങ്ങള്‍ക്ക് അത് പരിഹാരമാവുമെങ്കില്‍ ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു. എന്നിട്ടും ആരും ഒന്നും വിശ്വസിച്ചില്ല.””
“”ഒടുവില്‍ ഞാനും ഈ വിഷയത്തില്‍ വ്യക്തത വരുത്തി. അവനെതിരേ ആരോപണമുന്നയിച്ചു എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയാണ് പറയുന്നത്. എന്നിട്ടും ആരും വിശ്വസിച്ചില്ല. എന്ത് സമൂഹമാണിത്, ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഒന്നിച്ച് ഒരു നല്ല ചിത്രം ഒരുക്കുകയാണെന്നും ആരും എന്തേ മനസിലാക്കിയില്ല”” എന്ന് സഞ്ജന പിങ്ക്‌വില്ലയോട് പറഞ്ഞു.
അന്ന് അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ പാരീസിലെ ഷെഡ്യൂള്‍ മുഴുമിപ്പിക്കില്ലായിരുന്നു. ഈ സിനിമ നടക്കില്ലായിരുന്നു. സത്യം മാത്രം വിശ്വസിക്കൂ എന്നേ പറയാനുള്ളൂ. സുശാന്തിന്റെ മരണശേഷവും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുന്നത് ദുഃഖകരമാണെന്നും സഞ്ജന പറയുന്നു.
Read more
ജൂണ്‍ 14ന് ആണ് സുശാന്ത് സിംഗ് രജ്പുത്ത് ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണം ഏറെ ഉലച്ച വ്യക്തികളില്‍ ഒരാളാണ് സഞ്ജന. സുശാന്തിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജന പങ്കുവെയ്ക്കാറുള്ളത്. വിയോഗത്തോടെയാണ് തനിക്ക് അവന്‍ ആരായിരുന്നു എന്ന കാര്യം മനസിലായതെന്നും സഞ്ജന വ്യക്തമാക്കിയിരുന്നു.