”ഇന്ന് ബോംബെയെ തേടി ഞാന്‍ വന്നു, എന്നാല്‍ ഒരു ദിവസം ബോംബെ മുഴുവന്‍ എന്നെ തേടി വരും’ 1980കളുടെ അവസാനത്തില്‍ അവസരങ്ങള്‍ തേടി ബോംബെ നഗരത്തില്‍ കാലു കുത്തിയ ഒരു ചെറുപ്പക്കാരന്‍ തന്റെ മനസില്‍ കോറിയിട്ട വാക്കുകള്‍ ആണിത്. അദ്ദേഹത്തിന്റെ ആ ഭ്രാന്തമായ ആഗ്രഹം വിജയങ്ങളായി എന്നത് പിന്നീട് കാലം തെളിയിച്ചു. അദ്ദേഹം തന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ ആദ്യ പടവുകള്‍ കയറിയത് ടെലിവിഷനിലൂടെയാണ്. ആദ്യ സിനിമ ‘ദീവാന’യിലെ രാജ എന്ന കഥാപാത്രത്തിലൂടെയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ തുടക്കം.
‘ഡര്‍’ എന്ന സിനിമയില്‍ താരം നായകനേക്കാള്‍ പേര് നേടി. ‘ബാസിഗര്‍’ സിനിമ താരത്തിന് കരിയറിലെ വഴിത്തിരിവ് ആയി മാറി. ‘കഭി ഹാ കഭി നാ’, ‘അന്‍ജാം’ എന്നീ സിനിമകളിലൂടെ താരം ജനമനസുകളിലേക്ക് ചേക്കാറാന്‍ തുടങ്ങി. നെഗറ്റീവ് ഷെയ്ഡുകളില്‍ ഒതുങ്ങി നിന്ന താരം ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ’എന്ന ചിത്രത്തിലൂടെ റൊമാന്റിക് ഹീറോയായി മാറി. പിന്നീട് താരത്തിന്റെ നിരവധി റൊമാന്റിക് സിനിമകള്‍ എത്തി. എന്നാല്‍ 2015 മുതല്‍ ഇങ്ങോട്ട് തുടര്‍ പരാജയങ്ങളായിരുന്നു താരത്തിന്റെ കരിയറില്‍.
ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ എന്നീ സിനിമകള്‍ക്ക് ശേഷം എത്തിയ ചിത്രങ്ങള്‍ ഒന്നും തിയേറ്ററില്‍ പിടിച്ച് നിന്നില്ല. ‘ദില്‍വാലേ’, ‘ഫാന്‍’, ‘ഡിയര്‍ സിന്ദഗി’, ‘റയീസ്’, ‘ജബ് ഹാരി മെറ്റ് സേജല്‍’, ‘സീറോ’ എന്നീ സിനിമകള്‍ തിയേറ്ററില്‍ അടപടലം പൊട്ടി. തുടര്‍ച്ചയായി സിനിമകള്‍ പരാജയമായതോടെ സീറോ എന്ന സിനിമ ഫ്‌ളോപ്പ് ആയാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുമെന്ന് ഷാരൂഖ് പ്രഖ്യാപിച്ചിരുന്നു. സീറോ ബോക്‌സോഫീസില്‍ തകര്‍ന്നതോടെ താന്‍ പറഞ്ഞത് ഷാരൂഖ് അക്ഷരംപ്രതി നിറവേറ്റി.
പിന്നീട് ഈ വര്‍ഷം റിലീസ് ചെയ്ത ‘ബ്രഹ്‌മാസ്ത്ര’യിലെ അതിഥി വേഷം മാത്രമാണ് താരത്തെ തുണച്ചത്. തുടര്‍ പരാജയങ്ങള്‍ ഒരുപക്ഷേ അയാളിലെ താരപൊലിമക്ക് അല്‍പ്പം മങ്ങല്‍ എല്‍പ്പിച്ചേക്കാം. എന്നാല്‍ അയാളിലെ നടന് സ്വപ്നങ്ങള്‍ കനല്‍ പോലെ എരിയുന്ന ഊര്‍ജം ഉള്ളിടത്തോളം ആ സൂര്യന്‍ അസ്തമിക്കില്ല. അതിനാല്‍ തന്നെ ഷാരൂഖ് നായകനാകുന്ന അടുത്ത സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. ഒരു താരത്തിന് പവര്‍ഫുള്ളായി കരിയര്‍ മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ മാസ് കഥാപാത്രങ്ങള്‍ ഇടക്കൊക്കെ ചെയ്‌തേ പറ്റൂ എന്ന് ഷാരൂഖ് ഖാനും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാന്‍. തന്റെ റൊമാന്‍സും പരീക്ഷണ ചിത്രങ്ങളും പ്രേക്ഷകര്‍ നിരാകരിച്ചതിനാല്‍ നാലു വര്‍ഷത്തിന് ശേഷം മാസ് പടങ്ങളുമായാണ് ഷാരൂഖ് എത്താന്‍ പോകുന്നത്. ‘പത്താന്‍’, ‘ജവാന്‍’ എന്നീ സിനിമകളെ കുറിച്ചാണ് അതില്‍ എടുത്തു പറയേണ്ടത്.
ഷാരൂഖിനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താന്‍. ഷാരൂഖിന്റെ തന്റെ ഭാഗ്യ നായികയായ ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രം. നടന്‍ ജോണ്‍ എബ്രഹാമും സിനിമയില്‍ പ്രധാന കഥാപാത്രമാകുന്നു. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. മുടി നീട്ടി വളര്‍ത്തി ഒരു വ്യത്യസ്ത റോളിലാണ് സിനിമയില്‍ ഷാരൂഖ് എത്തുന്നത്. ഏറെ ദുരൂഹത ഉണര്‍ത്തികൊണ്ടാണ് ജവാന്‍ എന്ന സിനിമയുടെ പോസ്റ്ററും എത്തിയത്.
തലയിലും കൈയിലും കെട്ടുകളുമായി തീക്ഷ്ണ ഭാവത്തില്‍ ഇരിക്കുന്ന ഷാരൂഖ് ആണ് പോസ്റ്ററില്‍ ഉള്ളത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. വിജയ് സേതുപതി, നയന്‍താര, പ്രിയാമണി, യോഗി ബാബു തുടങ്ങിയ സൗത്ത് ഇന്ത്യന്‍ താരങ്ങളും ഇവര്‍ക്കൊപ്പം ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നീ താരങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്. നയന്‍താരയുടെ ആദ്യ ബോളിവുഡ് സിനിമ കൂടിയാണിത്. അടുത്ത വര്‍ഷം ജൂണിലാണ് സിനിമ റിലീസ് ചെയ്യുക. അതിനാല്‍ തന്നെ അടുത്ത വര്‍ഷം ഷാരൂഖിന്റെ പേരില്‍ എഴുതപ്പെടും എന്നാണ് ആരാധകരുടെ പ്രതീക്ഷകള്‍.
Read more
കാലാമൂല്യവും മേന്‍മയുമുള്ള ഒരുപാട് സിനിമകള്‍ ബോളിവുഡില്‍ എത്തുന്നുണ്ടെങ്കിലും പലതും പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ച് ഇരുത്തുന്നവയല്ല. ബോളിവുഡ് എന്നാല്‍ എന്താണ്? ഇന്ന് വെറും റീമേക്ക്, ബയോപിക് മാത്രമുള്ള ഇന്‍ഡസ്ട്രി എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ അടുത്തിടെ തിയേറ്ററില്‍ എത്തിയ ഒന്നോ രണ്ടോ സിനിമകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ല ബോളിവുഡ് സിനിമകളും പരാജയങ്ങളാണ്. അതിനാല്‍ തന്നെ ഷാരൂഖ് ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. ഷാരൂഖ് എന്ന താരത്തേക്കാളും അയാളിലെ നടന്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയെ കൈപ്പിടിച്ചുയര്‍ത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.