'അനിമലി'ലെ സെക്‌സി രംഗങ്ങള്‍ക്ക് ശേഷം 'നാഷണല്‍ ക്രഷ്' എന്ന വിശേഷണം, ഇത് ശല്യമായിട്ടുണ്ടോ? പ്രതികരിച്ച് തൃപ്തി ദിമ്രി

കഴിഞ്ഞ വര്‍ഷം വന്ന ചിത്രങ്ങളില്‍ ഏറെ വിവാദമായ സിനിമയാണ് രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയായിരുന്നു ചര്‍ച്ചയായത്. എന്നാല്‍ ചിത്രത്തിലെ നടി തൃപ്തി ദിമ്രിയുടെ റോള്‍ ശ്രദ്ധ നേടിയിരുന്നു. സോയ എന്ന നടിയുടെ കഥാപാത്രം സ്വീകാര്യത നേടിയതോടെ താരത്തിന് നാഷണല്‍ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു.

ഈ വിശേഷണത്തോടെ പ്രതികരിച്ചിരിക്കുകയാണ് തൃപ്തി ഇപ്പോള്‍. നാഷണല്‍ ക്രഷ് എന്നൊരു വിശേഷണം നല്‍കിയാല്‍ അവരുടെ അഭിനയത്തെ കുറിച്ച് അധികം സംസാരിക്കില്ല, അതുകൊണ്ട് തന്നെ ഇങ്ങനൊരു വിശേഷണം ശല്യമായിട്ടുണ്ടോ എന്നാണ് തൃപ്തിയോട് ചോദിച്ചത്. തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല എന്നാണ് തൃപ്തി പറയുന്നത്.

”ഭാഗ്യവശാല്‍ അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല, എന്റെ കരിയറില്‍ ഞാന്‍ മുമ്പ് ചെയ്ത സിനിമകള്‍ ആണെങ്കിലും ഇപ്പോള്‍ ചെയ്ത സിനിമകള്‍ ആണെങ്കിലും ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് എന്റെ അഭിനയം ഇഷ്ടപ്പെടുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.”

”സിനിമയിലേക്ക് വന്ന ആദ്യ സമയത്ത് എല്ലാവരും എന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. ഭാഗ്യവശാല്‍ എന്റെ സിനിമകള്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ എന്റെ അഭിനയത്തെ കുറിച്ച് തന്നെ സംസാരിച്ചു. ഇത് അഭിനേതാക്കളെ പ്രചോദിപ്പിക്കുകയും തുടര്‍ന്ന് നന്നായി വര്‍ക്ക് ചെയ്യാന്‍ പ്രചോദിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ഭാഗ്യവതിയാണ്” എന്നാണ് തൃപ്തി പറയുന്നത്.

തന്റെ പുതിയ ചിത്രം ‘ബാഡ് ന്യൂസി’ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് തൃപ്തി സംസാരിച്ചത്. വിക്കി കൗശല്‍ നായകനാകുന്ന ചിത്രമാണ് ബാഡ് ന്യൂസ്. ഇതിന് ശേഷം കാര്‍ത്തിക് ആര്യനൊപ്പം ‘ഭൂല്‍ ഭുലയ്യ 3’ ചിത്രത്തിലാണ് തൃപ്തി അഭിനയിക്കുക.