എന്റെ ആദ്യ പ്രണയം, ഷാരൂഖ് എനിക്ക് ദൈവത്തെ പോലെ.. പക്ഷെ അദ്ദേഹത്തിന്റെ നായികയാകാനുള്ള ക്ഷണം നിരസിച്ചു: മധു

തന്റെ ക്രഷ് ആണ് ഷാരൂഖ് ഖാന്‍ എങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ നായികയാകാനുള്ള ക്ഷണം താന്‍ നിരസിച്ചിരുന്നുവെന്ന് നടി മധു. ‘റോജ’ നായികയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖിന്റെ ‘ബാസിഗര്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അവസരമാണ് മധു വേണ്ടെന്ന് വച്ചത്.

കജോളും ഷാരൂഖ് ഖാനും വേഷമിട്ട ബാസിഗറില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി ശില്‍പ്പ ഷെട്ടിയായിരുന്നു വേഷമിട്ടത്. ശില്‍പ്പ അവതരിപ്പിച്ച റോളിലേക്ക് ആയിരുന്നു മധുവിനെ ക്ഷണിച്ചത്. ”എനിക്ക് ബാസിഗറിലെ ശില്‍പ്പ ഷെട്ടിയുടെ കഥാപാത്രം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.”

”പക്ഷേ സെക്കന്റ് ഹീറോയിനാവാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് ഞാന്‍ അതു നിരസിച്ചു. അതില്‍ പ്രധാനവേഷം ആയിരുന്നില്ല. ഒരു പ്രണയത്തെ കുറിച്ച് പറയുമ്പോള്‍, എന്റെ മനസില്‍ ആദ്യം വരുന്ന പേര് ഷാരൂഖ് ഖാനാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാണ്.”

”അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ പോലും, ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തുന്നില്ല എങ്കില്‍ പോലും, ഒരു സിനിമയില്‍ അദ്ദേഹം കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലെങ്കില്‍ കൂടിയും, ഷാരൂഖ് ദൈവത്തെ പോലെയാണ്. സിനിമ വേണ്ടെന്ന് വച്ച തീരുമാനത്തില്‍ ഞാന്‍ ഖേദിക്കുന്നില്ല.”

Read more

”പക്ഷേ എന്റെ ജീവിതത്തിലെ ആ നിമിഷം ഞാന്‍ എപ്പോഴും ഓര്‍ക്കും. റോജ സിനിമയില്‍ എന്റെ പല സുഹൃത്തുക്കളും ഓഡീഷന് പോയെങ്കിലും സിനിമ എനിക്ക് കിട്ടി. അതുപോലെ ആര്‍ക്ക് പറഞ്ഞുവച്ചിട്ടുള്ളതാണോ ആ വേഷം അവര്‍ക്കേ ലഭിക്കുകയുള്ളു” എന്നാണ് മധു ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.