ഇന്ത്യയിലെ ഏറ്റവും വയലന്റ് ചിത്രം; 'കില്‍' ആഘോഷിക്കപ്പെടാന്‍ കാരണമെന്ത്?

ട്രെയ്‌നിലെ രക്തചൊരിച്ചില്‍.. വയലന്‍സിന്റെ അങ്ങേയറ്റം.. ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ചേറ്റവും വയലന്‍സ് നിറഞ്ഞ സിനിമ… ബോളിവുഡ് ചിത്രം ‘കില്‍’, സോഷ്യല്‍ മീഡിയയും റിവ്യൂവേഴ്‌സും ഇന്ന് ആഘോഷമാക്കി കൊണ്ടിരിക്കുകയാണ് ഈ സിനിമ. പ്രഭാസ്-നാഗ് അശ്വിന്‍ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’ തിയേറ്ററില്‍ തകര്‍ത്തോടുന്നതിന് ഇടയിലും കില്‍ എന്ന സിനിമയ്ക്കും പ്രേക്ഷകര്‍ എത്തുകയാണ്.

നിഖില്‍ നാഗേഷ് ഭട്ടിന്റെ സംവിധാനത്തില്‍ ഒരുക്കിയ സിനിമ ജൂലൈ 5ന് ആണ് റിലീസ് ചെയ്തത്. നിഖില്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഗുണീത് മോംഗ, അചിന്‍ ജെയിന്‍ എന്നിവരുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ത്രില്ലറായി ഒരുക്കിയ സിനിമ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രീമിയര്‍ ചെയ്തത്. അമൃത് എന്ന കമാന്‍ഡോ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. അമൃത് ട്രെയ്‌നില്‍ യാത്ര ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. നിരവധി വയലന്‍സ് രംഗങ്ങളും രക്ത ചൊരിച്ചിലും നിറഞ്ഞ് നില്‍ക്കുന്നതാണ് സിനിമ.

അമൃത് എന്ന കേന്ദ്ര കഥാപാത്രത്തെ പുതുമുഖ താരം ലക്ഷ്യ ആണ് അവതരിപ്പിച്ചിരിക്കുന്നത്. രാഘവ് ജുയല്‍, താന്യ മാണിക്തല, അഭിഷേക് ചൗഹന്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ഒരു എ റേറ്റഡ് ആക്ഷന്‍ ഫിലിം ആണ് കില്‍. ആദ്യാവസാനം വരെ സിനിമയുടെ ഴോണറിനോട് നീതി പുലര്‍ത്തിയ ചിത്രം. ഹോളിവുഡ് സിനിമയായ ജോണ്‍ വിക്ക് പോലെയൊക്കെ കണ്ടിരിക്കാവുന്ന ഒരു സിനിമ. ‘കില്‍’ എന്ന പേരിനോട് 100 ശതമാനവും നീതിപുലര്‍ത്തിയാണ് സിനിമയാണിത്.

ഓപ്പണിങ് ദിനത്തില്‍ 1.25 കോടി രൂപ കളക്ഷന്‍ നേടിയ സിനിമ നാല് ദിവസം പിന്നിടുമ്പോള്‍ 14.12 കോടി രൂപ നേടി ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. പൊസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെയാണ് സിനിമ ബോക്‌സ് ഓഫീസില്‍ ശോഭിക്കാന്‍ ആരംഭിച്ചത്. വിദേശഭാഷാ സിനിമകള്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഈ ഇന്ത്യന്‍ ചിത്രം വിദേശ ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.

Kill (2024): Info on new brutal action film & the rise of extreme Indian Action | MOVIEHOOKER

കില്‍ എന്ന ഈ സിനിമ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് ‘ജോണ്‍ വിക്ക്’ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഛാഡ് സ്റ്റാഹെല്‍സ്‌കി. കീനു റീവ്‌സ് നായകനായ ഈ ജോണ്‍ വിക്ക് ഫിലിം സീരിസിലെ നാല് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമായിരുന്നു കില്‍ റീമേക്ക് ചെയ്യാനുള്ള താല്‍പര്യം ഛാഡ് പ്രകടിപ്പിച്ചത്.

അടുത്തകാലത്ത് താന്‍ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷന്‍ സിനിമകളില്‍ ഒന്നാണ് കില്‍ എന്നാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി പറഞ്ഞത്. പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട സംഘട്ടനരംഗങ്ങളാണ് സംവിധായകന്‍ നിഖില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഒരു ഇംഗ്ലീഷ് വേര്‍ഷന്‍ വികസിപ്പിക്കുന്നത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കില്‍ റീമേക്ക് ചെയ്യുന്ന കാര്യം ലയണ്‍സ്‌ഗേറ്റ് മോഷന്‍ പിക്‌ചേഴ്‌സ് സ്റ്റുഡിയോ ഗ്രൂപ്പ് ചെയര്‍മാന്‍ ആദം ഫോഗേള്‍സണും സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ഇന്ത്യയിലെ റിലീസിന് മുമ്പായിരുന്നു ഈ പ്രഖ്യാപനം വന്നത്. ഇത് തങ്ങള്‍ക്ക് ഒരു ബഹുമതിയാണ് എന്നായിരുന്നു സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചത്. ബോക്‌സ് ഓഫീസില്‍ കല്‍ക്കിയുമായി എതിരിട്ട് നില്‍ക്കുകയാണ് കില്‍ ഇപ്പോള്‍.

Read more