വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

തിരുവനന്തപുരം: വയനാട് ചൂരൽമല ദുരന്തത്തിന്റെ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധിക സഹായത്തിനായി അടിയന്തരമായി ധനസഹായം ലഭിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ വിശദവിവരങ്ങളും, ചെലവിന്റെ കണക്കുകളും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ആ കണക്കുകളെ ദുരന്ത മേഖലയിൽ ചിലവഴിച്ച കണക്കുകൾ ആയിട്ടാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെ ജനങ്ങളിലേക്ക് തെറ്റായി രീതിയിൽ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും ഭാവിയിൽ വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സംസഥാന സർക്കാർ സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നൽകിയിരിക്കുന്നത്. മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തില്‍ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടര്‍ന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെയുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള കണക്കുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകള്‍ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

ഇത് വയനാടിന്റെ പുനർനിർണമാണത്തിന് എതിരെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണമാണ്. ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം നൽകാതിരിക്കാൻ വേണ്ടിയുള്ള നീക്കമായി ഇതിനെ ജനങ്ങൾ കാണണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.