മലയാളത്തിൽ ഓട്ടേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായകനാണ് ബിജു നാരായണൻ. അന്തരിച്ച ഭാര്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെ കുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവെച്ചത്. പതിനേഴാം വയസിലാണ് ശ്രീയെ താൻ കണ്ടുമുട്ടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്. പിന്നീട് പത്ത് വർഷക്കാലം നീണ്ട പ്രണയം. അത് കഴിഞ്ഞ് വിവാഹം. വിവാഹം കഴിഞ്ഞിട്ട് 21 വർഷമായി. 31 വർഷമായി എന്റെ മനസിന്റെ ഏറ്റവും അടുത്ത് നിന്നിരുന്ന ആൾ… അതായിരുന്നു ശ്രീ. അങ്ങനെ ഒരാൾ പോയപ്പോഴുള്ള ശൂന്യതയെ ഏത് വിധത്തിൽ നേരിടുമെന്നെനിക്കറിയില്ല.
ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ലായിരുന്നു. ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആൾ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ച് കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്. കളമശ്ശേരിയിൽ ഞങ്ങൾക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു.‘മൂന്നാം എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം അന്ന് ശ്രീ പറഞ്ഞു എല്ലാ ഗായകരും വരുമല്ലോ. തനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം.. അതിനെന്താ എടുക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു.’
പുറത്ത് നിന്നാണ് ഭക്ഷണം ഓർഡർ ചെയ്യുന്നതെങ്കിലും വെജിറ്റേറിയൻസിനായി ശ്രീ ചില വിഭവങ്ങളൊക്കെ സ്പെഷലായി ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. അന്ന് അൽപം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തിൽ ഈ ഫോട്ടോയുടെ കാര്യം താൻ വിട്ടുപോയി. എല്ലാവരും മടങ്ങിപ്പോയിക്കഴിഞ്ഞാണ് ഓർക്കുന്നത്. അയ്യോ കഷ്ടമായിപ്പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം… താൻ ശ്രീയോട് പറഞ്ഞു. പക്ഷെ അതിന് ശ്രീ കാത്തുനിന്നില്ല. അതിന് ശേഷം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്.
Read more
പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങൾക്കിടയിൽ അത്തരം കൊച്ചുമോഹങ്ങളുടെ സന്തോഷം തേടുന്ന മനസും കൈവിട്ടു പോയി. കാൻസർ എന്നാൽ വേദനയാണ്. അവസാന ഘട്ടങ്ങളിൽ ആ വേദന കണ്ട് നിൽക്കാൻ പോലും വയ്യ. വളരെ കൂടിയ സ്റ്റേജിൽ ശ്രീയ്ക്ക് മോർഫിൻ ഇൻഫ്യൂഷൻ കൊടുക്കുകയായിരുന്നു.അത്ര വേദന സഹിച്ച് ഒരുപക്ഷെ ഓർമ പോലും മാഞ്ഞുപോയിട്ട് ശ്രീ കിടക്കുന്നത് സങ്കൽപിക്കാനും വയ്യായിരുന്നു. അതുകൊണ്ട് വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളിൽ താൻ പ്രാർഥിച്ചതെന്നും ബിജു നാരായണൻ പറയുന്നു. മൂന്ന് വർഷം മുമ്പാണ് നാൽപ്പത്തിനാലാം വയസിൽ അർബുദ രോഗത്തെ തുടർന്ന് ശ്രീലത അന്തരിച്ചത്.