മലയാള സിനിമയുടെ ഹിറ്റ് നിർമാണ കൂട്ടുകെട്ടുകളിൽ ഒന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ- പൃഥ്വിരാജ് സുകുമാരൻ കൂട്ട്കെട്ട്. നിർമ്മാതാക്കൾ എന്നതിനപ്പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള സൗഹൃദം തനിക്ക് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് ലിസ്റ്റിൻ പറയുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തില്ലാണ് ലിസ്റ്റിൻ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
പൃഥ്വിരാജുമായുള്ള സൗഹൃദം കൊണ്ട് വടംവലി മത്സരവും അരി വിതരണവുമൊക്കെ ഉദ്ഘാടനം ചെയ്യാൻ പൃഥ്വിരാജിനോട് വരാൻ പറയാമോ എന്ന് ചോദിച്ച് ആളുകൾ വിളിക്കുമെന്നും ചെയ്ത് കൊടുത്തില്ലെങ്കിൽ താനിപ്പൊ വലിയ ആളായി പോയതിന്റെ ജാഡയാണെന്ന് വിചാരിക്കുമെന്നുമാണ് ലിസ്റ്റിൻ പറയുന്നത്. വടംവലി മത്സരത്തിന് ആശംസകൾ പറയാൻ പൃഥ്വിരാജിനോട് ഒന്ന് പറയാമോ.
ഇന്ന സ്ഥലത്ത് നടക്കുന്ന വടംവലി ഉദ്ഘാടനത്തിന് വരാൻ പറയാമോ. ഈ സ്ഥലത്ത് അരി വിതരണം നടക്കുന്നുണ്ട്, ഒന്ന് പൃഥ്വിരാജിനോട് ഉദ്ഘാടനം ചെയ്യാൻ പറയാമോ. നല്ല ആളൊക്കെ കൂടുന്ന പരിപാടിയാണെന്ന് പൃഥ്വിരാജിനോട് പറ, എന്നൊക്കെ ആളുകൾ തന്നെ വിളിച്ചിട്ട് പറയും. പൃഥ്വിരാജ് കാണാത്ത ആളുകളാണോ എന്ന് താൻ പലപ്പോഴും വിചാരിക്കുമെന്നും ലിസ്റ്റിൻ പറഞ്ഞു. ഇവർ എല്ലായിടത്തും ഉദ്ഘാടനം നടത്തുന്നതല്ലേ. ഇപ്പൊ സ്‌കൂളിൽ യുവജനോത്സവം പരിപാടി നടക്കുന്നു, പൃഥ്വിരാജിനോട് അവിടെ ഗസ്റ്റ് ആയി വരാൻ പറയാൻ പറഞ്ഞ് ആളുകൾ വിളിക്കും.
ഇത് താൻ ചെയ്ത് കൊടുത്തില്ലെങ്കിൽ, ഓ അവനിപ്പൊ സിനിമയിൽ കയറി വലിയ ആളായി, പണ്ടൊക്കെ എങ്ങനെ നടന്നതാണ്’ എന്ന് പറയും. ഇതാണ് അവരുടെ ചിന്താഗതി. അവരുടെ മനസിന്റെ വലിപ്പം അത്രയേ ഉള്ളൂ. അവർ അങ്ങനെയായിരിക്കും ചിന്തിക്കുന്നത്. താൻ ഓരോ ദിവസവും പൃഥ്വിരാജ് വിളിക്കുമ്പോൾ അവിടെ ഒരു വടംവലിയുണ്ട്, ഇവിടെ അരി വിതരണമുണ്ട്,’ എന്ന് പറയാൻ പറ്റുമോ എന്നും അദ്ദേഹം പറയുന്നുണ്ട്.
Read more
ഒരെണ്ണം ചെയ്ത് കൊടുത്താൽ പിന്നെ അടുത്ത ദിവസം പിന്നെ കുവൈത്തിൽ നിന്ന് വരുന്നു, ഇറ്റലിയിൽ നിന്ന് വരുന്നു, ജർമനിയിൽ നിന്ന് വരുന്നു, ഓസ്‌ട്രേലിയയിൽ നിന്ന് വരുന്നു. ഇങ്ങനെ വന്ന് കഴിഞ്ഞാൽ എനിക്കിത് എപ്പോഴും ചെന്ന് പൃഥ്വിരാജിനോട് പറയാൻ പറ്റുമോ. ഇത് ആവശ്യപ്പെടുന്നവർ കൂടി അത് മനസിലാക്കേണ്ടേ. താൻ എന്തെങ്കിലും പറയുന്നതിന് മുൻപ് നീ പൃഥ്വിരാജിന്റെ കൂടെ അല്ലേ എന്നാണ് ആളുകൾ ചിന്തിക്കുന്നത്. ഇത് ഇവന് ചെയ്ത് തരാനുള്ള ബുദ്ധിമുട്ടാണെന്ന് ആളുകൾ വിചാരിക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.