'രാഷ്ട്രമോ രാഷ്ട്രീയമോ പിഞ്ചുകുഞ്ഞുങ്ങള്‍ കത്തിയമരുന്നത് കാണാന്‍ വയ്യ, ഇതെന്റെ നിലപാടാണ്'; പലസ്തീന് പിന്തുണയുമായി അനീഷ് ജി. മേനോന്‍

ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി നടന്‍ അനീഷ് ജി. മേനോന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച അതേ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. അന്ന് പലസ്തീനെ പിന്തുണച്ച തനിക്കെതിരെ ഭീഷണികള്‍ വന്നിരുന്നു.

രാഷ്ട്രമോ രാഷ്ട്രീയമോ ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ കത്തിയമരുന്നത് കണ്ട വേദനയിലാണ് അന്ന് ഈ പോസ്റ്റ് ഇട്ടത്. എന്നാല്‍ ഇത് തന്റെ ശക്തമായ നിലപാടാണ് ഇതെന്ന് നടന്‍ കുറിപ്പിലൂടെ വ്യക്തമാക്കി. “”ഞാന്‍ അനീഷ് ജി. മേനോന്‍, ഞാന്‍ മനുഷ്യനാണ്, ഞാന്‍ ഇന്ത്യക്കാരനാണ്, ഞാന്‍ ഗാസയെ ശക്തമായി പിന്തുണയ്ക്കുന്നു”” എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുള്ള ചിത്രമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്.

അനീഷ് ജി. മേനോന്റെ കുറിപ്പ്:

(യുദ്ധങ്ങള്‍ ഇല്ലാതാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്..) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഇത്.. അനുകൂലിച്ചവരും പ്രതികൂലിച്ചവരും നിരവധിയായിരുന്നു. “”വമ്പിച്ച ഭീഷിണികള്‍”” വരെ ഉണ്ടായിരുന്നു..

രാഷ്ട്രമോ രാഷ്ട്രീയമോ അതിര്‍ത്തിയോ അതിര്‍വരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ കത്തിയമരുന്നത് കണ്ടപ്പോള്‍ സഹിക്കാന്‍ വയ്യാതെ, ഒന്നും ചിന്തിക്കാതെ അന്നത്തെ മാനസികാവസ്ഥയില്‍ ഇട്ടുപോയതായിരുന്നു ആ പോസ്റ്റ്. പക്ഷെ ഇന്ന് ഞാന്‍ പറയുന്നത് എന്റെ നിലപാടാണ്… ഞാന്‍ പാലസ്തീനെ ശക്തമായി പിന്തുണയ്ക്കുന്നു.