മിമിക്രി താരവും നടനുമായ അസീസ് നെടുമങ്ങാടിനെതിരെ അശോകന്. തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അമര’ത്തിലെ കഥാപാത്രത്തെ കളിയാക്കി കൊണ്ട് മിമിക്രി ചെയ്യുന്ന ഒരാളാണ് അസീസ് നെടുമങ്ങാട് എന്നാണ് അശോകന് പറയുന്നത്. അത് തന്നെ അസ്വസ്ഥനാക്കാറുണ്ടെന്നും അശോകന് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
”അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് പലരും മിമിക്രി ചെയ്യുന്നത്. മിമിക്രിക്കാര് നല്ലതായിട്ട് ചെയ്യുന്നവരുണ്ട്. വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ഉള്ളതിന്റെ പത്തുമടങ്ങ് കൂട്ടിയാണ് പലരും കാണിക്കുന്നത്. ഞാന്‍ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറീല്ല. മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര്‍ വലിച്ച് നീട്ടുന്നത്.”
”പിന്നെ കളിയാക്കി ചെയ്യുന്ന ധാരാളം ആള്‍ക്കാരുമുണ്ട്. അവരൊക്കെ നമ്മളെ പോലുള്ള ആക്ടേര്‍സിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്തോട്ടെ. മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നവരുമുണ്ട്. സ്നേഹം കൊണ്ട് ചെയ്യുന്നവര്‍ കുറച്ച് ഒറിജിനലായിട്ട് ചെയ്യും” എന്നാണ് അശോകന് പറയുന്നത്.
ഇതിനിടെയാണ് കണ്ണൂര്‍ സ്ക്വാഡിലെ അസീസ് ഇക്ക ഒക്കെ നല്ലവണ്ണം ചെയ്യാറുണ്ട് എന്ന് അവതാരക പറയുന്നത്. എന്നാല്‍ അത് തനിക്ക് നല്ലതായി തോന്നുന്നില്ല എന്നാണ് അശോകന് പറയുന്നത്. ”അസീസ് നന്നായിട്ടൊക്കെ മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് പലപ്പോഴും ഞാന്‍ മുമ്പേ പറഞ്ഞ കേസുകളില്‍ പെടുന്ന ഒരാളാണ്.”
”നമ്മളെ പോലുള്ള കുറച്ച് നടന്മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും” എന്നാണ് അശോകന് പറയുന്നത്.
Read more
അതേസമയം, ഭരതന്-ലോഹിതദാസ് കൂട്ടുകെട്ടില്‍ എത്തിയ മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് അമരം. മമ്മൂട്ടി, മാതു, മുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ രാഘവന് എന്ന പ്രധാന കഥാപാത്രമായാണ് അശോകന് വേഷമിട്ടത്. 1991ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്.