സിദ്ദിഖിനെതിരെ പരാതി വന്നപ്പോൾ ഞെട്ടി; സിനിമയിൽ ലൈംഗിക ചൂഷണമുണ്ട്; തുറന്നുപറഞ്ഞ് ലാൽ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ലാൽ. മലയാള സിനിമയിൽ അവസരം വാഗ്ദാനം ചെയ്തുള്ള ലൈംഗിക ചൂഷണവും അതിക്രമവും നിലനിൽക്കുന്നുണ്ടെന്നാണ് ലാൽ പറയുന്നത്. ആരെയും നമ്മുക്ക് പൂർണമായി മനസിലാക്കാൻ സാധിക്കില്ലെന്നും, നീണ്ട ഷൂട്ടിങ് ദിവസങ്ങള്‍, ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ എല്ലാം ലൈംഗിക ചൂഷണം നടക്കാൻ സാധ്യത കൂടുതലാണെന്നും ലാൽ പറയുന്നു.

“സിദ്ദിഖിനെതിരെ വന്ന പരാതി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ആരില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ്. ആരെയും നമുക്ക് പൂര്‍ണമായി മനസിലാക്കാനാവില്ല. എല്ലാവരും നല്ലവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു ഞങ്ങളുടെ സെറ്റിലൊന്നും നടന്നിട്ടില്ലെങ്കിലും സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട് എന്നത് സത്യമാണ്. അത് എല്ലായിടത്തും ഉണ്ട്. അങ്ങനെ പറഞ്ഞ് ഞാന്‍ കയ്യൊഴിയുന്നതല്ല. അത് എവിടെയും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ്.

സിനിമയില്‍ ചിലപ്പോള്‍ അത് കൂടുതലാകാം. നീണ്ട ഷൂട്ടിങ് ദിവസങ്ങള്‍, ഒരുമിച്ച് ഹോട്ടലില്‍ താമസിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇതിനുള്ള ചാന്‍സ് കൂടുതലാവാന്‍ സാധ്യതയുണ്ട്, കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം, കൃത്യമായ അന്വേഷണം നടക്കണം. ആരെയും വെറുതെ വിടരുത്. ആരുടെയെങ്കിലും ശത്രുത കൊണ്ടോ കള്ളപ്പരാതികള്‍ കൊണ്ടോ കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടരുത്.

മോഹന്‍ലാല്‍ വന്നിരുന്ന് പറഞ്ഞാലും ഇത് തന്നെയാകും പറയുക. മുകേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. ഞാന്‍ വലിയ രാഷ്ട്രീയക്കാരനല്ല. അവിടെ എന്താണ് നടക്കുന്നതെന്നും അറിയില്ല. തെറ്റുകാരനാണെങ്കില്‍ അന്വേഷണം നടത്തി അവര്‍ ശിക്ഷിക്കപ്പെടണം. അഭിനേതാക്കള്‍ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും ഒക്കെയുണ്ടാകും. അമ്മയില്‍ ഉള്ളവര്‍ മോശക്കാരാണെന്ന അഭിപ്രായം എനിക്കില്ല.

അമ്മയുടെ നേതൃ നിരയിലേക്ക് ജൂനിയേഴ്‌സോ സീനിയേഴ്‌സോ വരട്ടെ. അവിടുത്തെ മീറ്റിങ്ങുകളില്‍ ഒരുപ്രശ്‌നവും ഉണ്ടാകാറില്ല. സ്വസ്ഥമായി ഇരുന്നാണ് തീരുമാനമെടുക്കുന്നത്. അതല്ലാതെ, ഇങ്ങനെ ചെയ്യാം, ഒരാളെ പൂട്ടാം എന്നു പറയുന്ന കൊള്ള സംഘമൊന്നുമല്ല അമ്മ.” എന്നാണ് ലാൽ മാധ്യമങ്ങളോട് പറഞ്ഞത്.