'എസ്എഫ്‌ഐഒയുടെ നീക്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ട'; വീണാ വിജയനെതിരെയുള്ള കുറ്റപത്രത്തിൽ എംവി ഗോവിന്ദൻ

വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ജൂലായിൽ വാദം കേൾക്കാനിരിക്കെ എസ്എഫ്‌ഐഒ ഇങ്ങനെ ഒരു നാടകം നടത്തിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.

മുഖ്യമന്ത്രിയോ സർക്കാരോ സിഎംആർഎൽ-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട് ഒരു സഹായവും നൽകിയിട്ടില്ലെന്നും ഇതിൽ സർക്കാർ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ കേസിൽ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നതിന് ഒരു തെളിവുമില്ലെന്നാണ് മൂന്ന് വിജിലൻസ് കോടതികളും പറഞ്ഞിട്ടുള്ളത്. പിന്നീട് ഹൈക്കോടതിയും പറഞ്ഞതും മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് തന്നെയാണന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സിഎംആർഎൽ കേസിൽ വീണ ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിച്ചത്. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും 2.7 കോടിരൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. വിചാരണയ്ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.