IPL 2025: താനൊക്കെ എവിടുത്തെ ഹെഡാടോ, അയ്യേ മോശം മോശം, ഹെഡിനെ ട്രോളി കൊല്‍ക്കത്ത ടീം, ഇത് സ്ഥിരം പരിപാടിയായല്ലോ എന്ന് ആരാധകര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ 80 റണ്‍സ് തോല്‍വിയോടെ ഈ സീസണിലെ മൂന്നാം തോല്‍വിയാണ് ഹൈദരാബാദിന് ഇന്നലെ ഏറ്റുവാങ്ങിയത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച് തുടങ്ങിയ ഹൈദരാബാദ് പിന്നീട് പോയിന്റ് ടേബിളില്‍ താഴോട്ട് പോവുന്ന കാഴ്ചയാണ് കാണാനായത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടതോടെയാണ് ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ എസ്ആര്‍എച്ചിന് തോല്‍വി വഴങ്ങേണ്ടി വന്നത്. 201 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റിങിന് ഇറങ്ങിയ ഹൈദരാബാദിനായി ഓപ്പണിങില്‍ ഹെഡും അഭിഷേകും തുടക്കത്തിലേ പുറത്തായത് തിരിച്ചടിയായി.

കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കുമ്പോഴുളള തുടക്കത്തിലേയുളള പുറത്താവല്‍ ട്രാവിസ് ഹെഡ് ഇത്തവണയും ആവര്‍ത്തിച്ചു. രണ്ട് പന്തില്‍ ഒരു ബൗണ്ടറി മാത്രം നേടിയാണ് ഹെഡ് മടങ്ങിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ അവസാന മൂന്ന് ഇന്നിങ്ങ്‌സില്‍ 0(2), 0(1),4(2) എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോര്‍. ഇന്നലെയും തങ്ങള്‍ക്കെതിരെ പെട്ടെന്ന് പുറത്തായതോടെ ഹെഡിന് ട്രോളുമായി കൊല്‍ക്കത്തയുടെ സോഷ്യല്‍ മീഡിയ ടീം എത്തിയിരുന്നു. ഹെഡിങ് ടുവാര്‍ഡ്‌സ് ദ ബിസിനസ്, റൈറ്റ് ഫ്രം ദ സ്റ്റാര്‍ട്ട് എന്ന് കുറിച്ചുകൊണ്ടാണ് ഹെഡിനെ ട്രോളി കൊല്‍ക്കത്ത കുറിച്ചത്.

ഈ സീസണില്‍ നാല് കളികളില്‍ നിന്നായി 140 റണ്‍സാണ് ഹൈദരാബാദ് ഓപ്പണറുടെ സമ്പാദ്യം. ഇതില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 67 റണ്‍സാണ് ടോപ് സ്‌കോര്‍. മറ്റൊരു ഓപ്പണററായ അഭിഷേക് ശര്‍മ്മ നാല് കളികളില്‍ നിന്നായി 33 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. മൂന്നാമന്‍ ഇഷാന്‍ കിഷനും ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം മറ്റ് മത്സരങ്ങളില്‍ ഇംപാക്ടുളള ഒരിന്നിങ്‌സ് ഇതുവരെ കാഴ്ചവച്ചിട്ടില്ല. ഇന്നലത്തെ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ എറ്റവും അവസാനക്കാരാണ് ഇപ്പോള്‍ ഹൈദരാബാദ് ടീം.