'ഇത് സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതലാണ്, ഞാനുമുണ്ട് കൂടെ'; ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടി

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് നടന്‍ മമ്മൂട്ടി. സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതലാണ് ഇതെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ താനും ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

“വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍””-മമ്മൂട്ടി പറഞ്ഞു.

ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി സിനിമാ രംഗത്ത് നിന്ന് മോഹന്‍ലാല്‍, കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി ഒട്ടനവധി പേരാണ് രംഗത്ത് വന്നത്.