ഓസ്‌കര്‍ കിട്ടിയതുപോലെ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കേണ്ട, മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്: ഗൗതമി നായര്‍

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ആര്‍ട്ടിസ്റ്റുകള്‍ ഓസ്‌കര്‍ കിട്ടിയതു പോലെ അഭിനയിക്കേണ്ട ആവശ്യമില്ലെന്ന് നടി ഗൗതമി നായര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല രീതിയിലല്ല ചിലര്‍ പ്രതികരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടുള്ള ഗൗതമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ചര്‍ച്ചയായിരിക്കുന്നത്.

”മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ധാര്‍ഷ്ട്യത്തോടെ മറുപടി നല്‍കുന്ന കുറെ അഭിമുഖങ്ങള്‍ കാണാനിടയായി. മാധ്യമങ്ങള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നത്. മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്.”

No description available.

”ഇവിടെ ആര്‍ക്കും ഓസ്‌കറൊന്നും കിട്ടിയിട്ടില്ലല്ലോ ഇങ്ങനെ പെരുമാറാന്‍” എന്നാണ് ഗൗതമി പറയുന്നു. നിലമറന്ന് പെരുമാറരുതെന്ന് നിലയില്‍ #begrounded എന്ന ഹാഷ്ടാഗോടും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ പോസ്റ്റിന് ഒരു വിശദീകരണവും നടി പിന്നീട് നല്‍കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ ഒരു തെറ്റും ചെയ്യാത്തവരാണെന്നോ മോശം ചോദ്യങ്ങള്‍ ചോദിക്കുന്ന ആരുമില്ലെന്നോ അല്ല താന്‍ പറയുന്നതെന്നും ഗൗതമി പറഞ്ഞു. ”ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കട്ടെ, മാധ്യമങ്ങള്‍ നിഷ്‌കളങ്കരാണെന്നല്ല ഞാന്‍ പറയുന്നത്. എന്നെ കുറിച്ച് ഈയടുത്ത് വരെ ക്ലിക്ക് ബൈറ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്.”

”പല അഭിമുഖങ്ങളിലും മോശം ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നിട്ടുണ്ട്. പക്ഷെ ഏത് തരം ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നതിലും എങ്ങനെയാണ് മറുപടി നല്‍കേണ്ടത് എന്നതിലും അല്‍പ്പം ബഹുമാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും പഠിക്കാവുന്നതാണ്” എന്ന് ഗൗതമി വ്യക്തമാക്കി.

Read more