പട്ടാളം പുരുഷുവിനെ വഞ്ചിച്ച സരുസുവല്ല.. 'അത് സ്ത്രീപക്ഷ രാഷ്ട്രീയം, സ്വാതന്ത്ര്യത്തോടെയുള്ള തിരഞ്ഞെടുപ്പ്': ഗായത്രി വര്‍ഷ

നടി ഗായത്രി വര്‍ഷയുടെ നവകേരള സദസിലെ പ്രസംഗം വൈറലയാതോടെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. നടിയുടെ സിനിമയിലെയും സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ചര്‍ച്ചയാക്കി കൊണ്ടാണ് ആക്രമണങ്ങള്‍ നടന്നത്.

മുസ്ലിമിന്റെയോ ക്രിസ്ത്യന്റെയോ കഥ സീരിയലുകളില്‍ കാണിക്കുന്നുണ്ടോ, മോദിയുടെ ഫാസിസ്റ്റ് ഭരണകൂടമാണ് ഇത് തീരുമാനിക്കുന്നത് എന്നിങ്ങനെയായിരുന്നു ഗായത്രി പറഞ്ഞത്. ഇതിനിടെ ‘മീശമാധവന്‍’ ചിത്രത്തിലെ സരസു എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സമൂഹത്തെ വെല്ലുവിളിച്ച് സ്വന്തം ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന സരസു എന്ന കഥാപാത്രം മുന്നോട്ട് വയ്ക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ് എന്നാണ് ഗായത്രി പറയുന്നത്. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സംസാരിച്ചത്.

സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭര്‍ത്താവ് പട്ടാളക്കാരനാണ്. അയാള്‍ നാട്ടിലില്ല, അല്ലെങ്കില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അവള്‍ക്ക് സ്വീകാര്യനായ ഒരാള്‍ വന്നപ്പോള്‍ അയാളെ സര്‍വാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്.

അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചന്‍ തനിക്ക് സ്വീകാര്യനാണ് എന്നതിനാല്‍ വീട്ടില്‍ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ ബോധമുണ്ട്. തേസമയം, പിള്ളേച്ചന്‍ വീട്ടില്‍ വിവാഹം ചെയ്ത് കൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്.

ഇതില്‍ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ ഈ രണ്ട് കഥാപാത്രങ്ങളില്‍ ഉണ്ട്. ഒറ്റനൊട്ടത്തില്‍ സരസു നെഗറ്റീവ് ആണ് എന്നാണ് ഗായത്രി വര്‍ഷ പറയുന്നത്.