ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹർജിക്ക് നീക്കം തുടങ്ങി. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിൽ തന്നെയായിരിക്കും പുനഃപരിശോധനാ ഹർജിയും നൽകുക.
സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും ഹർജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടും. ഇന്നലെയായിരുന്നു ഗവർണർക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്.
ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട് കേസിലെ ഉത്തരവിൽ തന്നെയായിരുന്നു രാഷ്ട്രപതിക്കും സമയപരിധി നിർദേശിച്ചത്.