രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. മനോരമ ഓണ്‍ലൈനും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയുടെ റീയൂണിയന്‍ പരിപാടിയിലാണ് കാര്‍ത്തിക സംസാരിച്ചത്.
വെറും രണ്ട് വര്‍ഷമാണ് ഞാന്‍ സിനിമയിലുണ്ടായിരുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട്, ചിലരോടൊന്നും നന്ദി പറയാന്‍ കഴിഞ്ഞില്ല.
ഈ വേദി ഞാന്‍ അതിന് ഉപയോഗിക്കുകയാണ്. എന്നെ അംഗീകരിച്ചതിന് മലയാളം ഇന്‍ഡസ്ട്രിയോടും തമിഴ് ഇന്‍ഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും പടം എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകള്‍ കൊണ്ടാണ്. ആകെ 15 സംവിധായകര്‍ക്കൊപ്പമെ ഞാന്‍ ജോലി ചെയ്തിട്ടുള്ളൂ.
കാമ്പുള്ള കഥാപാത്രങ്ങള്‍ നല്‍കിയതിനും നല്ല കുടുംബചിത്രങ്ങള്‍ നല്‍കിയതിനും നന്ദി. ഗംഭീര അഭിനേതാക്കള്‍ക്കൊപ്പമാണ് ആ ചുരുങ്ങിയ കാലത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബവുമായും ഞാന്‍ ഇന്നും കണക്ടഡ് ആണ്. എന്റെ മരണം വരെ അതു തുടരും എന്നാണ് കാര്‍ത്തിക പറയുന്നത്.
അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ കാര്‍ത്തിക മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലാണ് കാര്‍ത്തിക നടിയായി അരങ്ങേറ്റം കുറിച്ചത്. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. 1991ല്‍ പുറത്തിറങ്ങിയ ആവണികുന്നിലെ കിന്നിരിപൂക്കള്‍ എന്ന സിനിമയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.