ലെസ്ബിയനായാൽ എന്താണ് പ്രശ്നം? ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല : മഞ്ജു പത്രോസ്

കഴിഞ്ഞ കുറച്ചു നാളുകളായി നടി മഞ്ജു പത്രോസിന്റെയും സുഹൃത്ത് സിമി സാബുവിന്റെയും സൗഹൃദം വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു. ഒന്നിച്ച് വ്‌ളോഗ് ചെയ്യാൻ തുടങ്ങിയതിന് ശേഷം തങ്ങൾ ലെസ്ബിയൻസ് ആണോ എന്നാണ് പലരും ചോദിക്കുന്നത് എന്നും ഒരു നല്ല സൗഹൃദത്തെ ഒക്കെ ആളുകൾ എന്തൊക്കെ രീതിയിലേക്ക് ആണ് മാറ്റുന്നത് എന്ന് ഓർക്കുമ്പോൾ അതിശയമാണ് എന്നും മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, തങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നതിനോട് പ്രതികരിക്കുകയാണ് മഞ്ജു പത്രോസ്. ‘ഞങ്ങൾ ലെസ്ബിയൻ കപ്പിൾ ആണെന്നൊക്കെ ആളുകൾ അവരുടെ സുഖത്തിനു വേണ്ടി പറയുന്നതാണ്. ഇനി ലെസ്ബിയനായാൽ തന്നെ എന്താണു കുഴപ്പം? അവർക്കും ജീവിക്കണ്ടേ. ഗേ ആയവർക്കും ലെസ്ബിയൻ ആയവർക്കും ഈ സമൂഹത്തിൽ ജീവിക്കണം. ഈ ഭൂമി പുരുഷനും സ്ത്രീക്കും മതി എന്ന വാദത്തോടെല്ലാം എനിക്ക് യോജിപ്പില്ല’ എന്നാണ് മഞ്ജു പറയുന്നത്.

ഞാനും സിമിയും ലെസ്ബിയൻസ് ആണെന്നിരിക്കട്ടെ. അങ്ങനെയാണെങ്കിൽ തന്നെ എന്താണു തെറ്റ്? ഞങ്ങൾ ലെസ്ബിയനാണെങ്കിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നും താരം ചോദിക്കുന്നു. തങ്ങൾ സമൂഹത്തിന് യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ല എന്നും മഞ്ജു പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം സംസാരിച്ചത്.