ഡിവോഴ്‌സിന്റെ കാരണം ഞാനല്ല, പാര്‍വതിയുമായി പിരിഞ്ഞതിന് ശേഷമാണ് അരുണുമായി പ്രണയത്തിലാകുന്നത്; വെളിപ്പെടുത്തി നടി സായി ലക്ഷ്മി

നടി പാര്‍വതി വിജയ്‌യുടെ മുന്‍ഭര്‍ത്താവ് അരുണുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ച് നടി സായി ലക്ഷ്മി. താന്‍ കാരണമല്ല അവര്‍ വേര്‍പിരിഞ്ഞത്. പാര്‍വതിയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് താന്‍ അരുണിനെ പരിചയപ്പെടുന്നത്. ആരുടെയും കുടുംബം തകര്‍ത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ല. ഒരു ഫാമിലി സെപ്പറേറ്റഡ് ആകുന്നതിന്റെ വേദന തനിക്കറിയാം എന്നാണ് സായി ലക്ഷ്മി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

തന്റെ യൂട്യൂബ് ചാനല്‍ വഴി ആയിരുന്നു പാര്‍വതി വിജയ് തന്റെ ഡിവോഴ്‌സ് വാര്‍ത്ത പുറത്തുവിട്ടത്. ക്യാമറാമാന്‍ അരുണും പാര്‍വതിയും വീട്ടുകാരുടെ സമ്മതമില്ലാതെ ഒളിച്ചോടി ആയിരുന്നു വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുണ്ട്. ഡിവോഴ്‌സിന് ശേഷമാണ് അരുണും നടി സായി ലക്ഷ്മിയും പ്രണയത്തിലാകുന്നത്. കനല്‍പ്പൂവ്, സാന്ത്വനം 2 എന്നീ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സായി ലക്ഷ്മി.

സായി ലക്ഷ്മിയുടെ വാക്കുകള്‍:

ഈ പ്രശ്‌നത്തില്‍ പൊതുസമൂഹത്തിന് ഞാനൊരു പ്രതികരണവും നല്‍കിയിട്ടില്ല. ഒരു കാര്യം എനിക്ക് വ്യക്തത വരുത്തണം എന്നു തോന്നി. ജനങ്ങള്‍ സത്യം അറിയണം. യാഥാര്‍ഥ്യം മനസിലാക്കാതെ കമന്റുകള്‍ ഇടുന്നതില്‍ കാര്യമില്ല. അവരെ കുറ്റം പറയാന്‍ പറ്റില്ല. അവര്‍ക്ക് കിട്ടിയ വിവരം വച്ചാണ് അവര്‍ പെരുമാറുന്നത്. അതിപ്പോള്‍ ആരാണെങ്കിലും അങ്ങനെയേ ചെയ്യുള്ളൂ. ഞാന്‍ ആണെങ്കില്‍ പോലും എനിക്ക് കിട്ടുന്ന വിവരം വച്ചായിരിക്കും പെരുമാറുന്നത്. ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ പുള്ളിയെ ആദ്യം കാണുന്നത്. ആ സമയത്ത് അദ്ദേഹം സെപ്പറേറ്റഡ് ആയിരുന്നു. അന്ന് എനിക്ക് പുള്ളി ആരാണെന്നോ എന്താണെന്നോ സെപ്പറേറ്റഡാണെന്നോ ഒന്നും അറിയുമായിരുന്നില്ല. പുള്ളി വഴിയല്ല സെപ്പറേഷനെ കുറിച്ച് ഞാന്‍ അറിഞ്ഞത്.

പുറമെയുള്ളവര്‍ പറഞ്ഞാണ് ഞാന്‍ അതേക്കുറിച്ച് അറിഞ്ഞത്. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാമായിരുന്നു. ഒരു മാസമൊക്കെ കഴിഞ്ഞാണ് ഞങ്ങള്‍ കണ്ട് സംസാരിക്കുന്നത് തന്നെ. അതുവരെ അദ്ദേഹം ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. ഞങ്ങളെ അറിയാവുന്ന ഞങ്ങളുടെ കൂടെ നിന്നവര്‍ക്ക് അറിയാം, ഞാന്‍ കാരണമല്ല ഡിവോഴ്സ് സംഭവിച്ചതെന്ന്. പറഞ്ഞു വരുന്നത് അവരുടെ ഡിവോഴ്സിന് കാരണം ഞാനല്ല. അത് അവരുടെ കുടുംബ പ്രശ്‌നം. അവരുടെ പേഴ്സനല്‍ കാര്യമാണ്. അതൊന്നും പറയണ്ട കാര്യം എനിക്കില്ല. ഇതൊന്ന് ക്ലാരിഫൈ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്യുന്നത്. ഒരു കുടുംബം തകര്‍ത്ത് അതിനകത്ത് കയറി സന്തോഷം കണ്ടെത്തേണ്ട കാര്യം എനിക്കില്ല.

ഒരു ഫാമിലി സെപ്പറേറ്റഡ് ആവുമ്പോഴുള്ള വിഷമം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്റെ പപ്പയും മമ്മയും ഡിവോഴ്സ്ഡാണ്. ഞാന്‍ ഒന്നില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.ഞാന്‍ അനുഭവിച്ച വേദനയും അമ്മയും പപ്പയും അനുഭവിച്ച വേദനയുമെല്ലാം എത്രത്തോളമാണെന്ന് എനിക്ക് നന്നായി അറിയാം. അതെല്ലാം അറിഞ്ഞുവച്ച് മറ്റൊരാളെ അതിനകത്ത് കൊണ്ട് തള്ളിയിടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. അദ്ദേഹത്തെ പരിചയപ്പെടുന്ന സമയത്ത് പുള്ളി മാനസികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. ഒരു സുഹൃത്തെന്ന നിലയില്‍ എന്താണ് കാര്യമെന്ന് തുറന്നു പറയാന്‍ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് കൂടുതല്‍ പരിചയമാകുന്നത്. ആ സമയത്ത് ഞങ്ങള്‍ തമ്മിലൊരു റിലേഷന്‍ഷിപ്പും ഉണ്ടായിരുന്നില്ല. ഞാനല്ല അവരുടെ ഡിവോഴ്സിന് കാരണം. അത് ഞാന്‍ എവിടെ വേണമെങ്കിലും പറയാം. ഡിവോഴ്‌സ് ആയ ആളെ തന്നെ വേണോ, ഇത്ര പ്രശ്‌നമുള്ള ആളുടെ കൂടെ പോകണോ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്.

ഒരാളുടെ ജീവിതം അവസാനിക്കുന്ന കാര്യമൊന്നുമല്ലല്ലോ ഡിവോഴ്‌സ്. അദ്ദേഹത്തിനൊരു പുതിയ ജീവിതം വേണമെന്നു തോന്നിയാല്‍ അതില്‍ ഒരു തെറ്റും പറയാന്‍ പറ്റില്ല. കാരണം ജീവിതം മുന്നോട്ടുപോകണം. ഡിവോഴ്‌സ് എന്നാല്‍ ജീവിതം അവസാനിച്ചു എന്നല്ല. എത്രയോ ആളുകള്‍ പുതിയ ജീവിതവുമായി മുന്നോട്ടുപോയി സന്തോഷത്തോടു കൂടി ജീവിക്കുന്നു. ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്കൊരു തെറ്റും തോന്നുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഇങ്ങനെ നടക്കുന്നതുകൊണ്ട് അദ്ദേഹം എപ്പോഴും എന്നോട് ചോദിക്കും, ഓക്കെ ആണോ, വിഷമമുണ്ടോ, എന്തെങ്കിലും മനസില്‍ വച്ചുകൊണ്ടിരിക്കരുത് തുറന്നു പറയണം എന്നൊക്കെ. എനിക്ക് അദ്ദേഹം വളരെ നല്ലൊരാളാണ്. ഞാനെടുത്ത ഈ തീരുമാനം തെറ്റായും തോന്നിയിട്ടില്ല. അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു.