'കറുപ്പിനോടുള്ള അലർജി ആദ്യം തുടങ്ങിയത് പിണറായി വിജയന്'; നിറത്തിന്റെ പേരിൽ പരാമർശം നടത്താൻ പാടില്ലെന്ന് കെ മുരളീധരൻ

കറുപ്പിനോടുള്ള അലർജി ആദ്യം തുടങ്ങിയത് പിണറായി വിജയനെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കറുപ്പിനെതിരായ അധിക്ഷേപം തെറ്റാണെന്നും കറുപ്പ് പല നിറങ്ങളിലൊന്ന് മാത്രമാണെന്നും മനുഷ്യന്റെ നിറത്തിന്റെ പേരിൽ അപമാനിക്കുന്നത് ശരിയല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

കറുപ്പിനെതിരെ അലർജി ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്ക്കെതിരേ നടത്തിയ കരിങ്കൊടികാണിച്ചവരെ നാട്ടിലെങ്ങും അടിച്ചോടിച്ച സംഭവമാണ് കെ മുരളീധരൻ ഓർമ്മിപ്പിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ പോലും കറുത്ത വസ്ത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം നേതാക്കളും സ്വീകരിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം ആശ സമരം പൊളിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായാണ് ആശാ സമരത്തെ പിന്തുണയ്ക്കുന്നത്. സംഘടിത ശക്തിയുടെ മുന്നിൽ പിണറായി വിജയന് മുട്ടുമടക്കേണ്ടി വരുമെന്ന് കെ മുരളീധരൻ പറഞ്ഞു. സമരം വിജയിക്കും വരെ കോൺഗ്രസ് സമരക്കാർക്കൊപ്പം ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.