തമിഴിലെ ഒരു പ്രമുഖ സംവിധായകന്‍ ലൈംഗികമായും മാനസികമായും തന്നെ ദുരുപയോഗം ചെയ്തതായി നടി സൗമ്യ. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ സംസാരിച്ചത്. സംവിധായകന്‍ തന്നെ ലൈംഗിക അടിമയായി വെച്ചു എന്നാണ് സൗമ്യ തുറന്നു പറഞ്ഞിരിക്കുന്നത്. 1980കളുടെ അവസാനത്തിലാണ് സൗമ്യ സിനിമയിലെത്തിയത്. പിന്നീട് മൂന്ന് മലയാള സിനിമകളിലും അഭിനയിച്ചു.
തന്റെ പതിനെട്ടാം വയസിലാണ് മകളെ പോലെയാണെന്ന് പറഞ്ഞ് അയാള്‍ സമീപിച്ചതെന്നും പിന്നീട് തന്നില്‍ ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞതും എന്നാണ് നടി പറയുന്നത്. മലയാള സിനിമകളിലെ സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും ഒക്കെ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും സൗമ്യ വെളിപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉണ്ടായ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്ന സംഘത്തോട് എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്നും സൗമ്യ വ്യക്തമാക്കി.
നടിയുടെ വാക്കുകള്‍:
സിനിമയെ കുറിച്ച് ഒന്നും അറിയാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. പതിനെട്ടാം വയസില്‍ കോളേജില്‍ ഞാന്‍ ഫസ്റ്റ ഇയര്‍ പഠിക്കുന്ന കാലത്താണ് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് നടി രേവതി എന്റെ വീടനടുത്ത് ആയിരുന്നു താമസിച്ചിരുന്നത്. അവര്‍ എന്നെ ആകര്‍ഷിച്ചിരുന്നു. ഞാന്‍ ഒരു ഭാവനാ ലോകത്ത് ആയിരുന്നു. അതുകൊണ്ട് ഞാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോയി. ഞാനൊരു കുട്ടിയായിരുന്നു. എനിക്കൊന്നും അറിയില്ലായിരുന്നു. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നു അവര്‍ പറഞ്ഞു. കുടുംബത്തിന് വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ലാത്തതിനാല്‍ അഭിനയിക്കാന്‍ പോകുന്നതിനെ കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു.
എന്നാല്‍ എന്റെ സ്‌ക്രീന്‍ ടെസ്റ്റിന് ഒരുപാട് പണം ചെലവായിയെന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചു. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാല്‍ അത് പേപ്പറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭര്‍ത്താവായിരുന്നു. താങ്കളുടെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. അത് ഭാര്യ, നേരേ ഭര്‍ത്താവിനോട് പോയി പറഞ്ഞു. പിന്നീട് അയാള്‍ എന്നോട് മിണ്ടാതെയായി. ദേഷ്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പുറത്ത് ചിത്രീകരണം നടത്തുമ്പോള്‍. അത് കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെ അസ്വസ്ഥയാക്കി. ഞാന്‍ അയാള്‍ പറയുന്നത് പോലെ അനുസരിക്കാന്‍ തുടങ്ങിയപ്പോള്‍ അല്‍പ്പം കൂടി മയപ്പെട്ടു.
അവര്‍ പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നോട് വലിയ സ്നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മില്‍ക്ക് ഷേയ്ക്കും മറ്റും ഈ ദമ്പതികള്‍ ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു. എന്റെ വീട്ടില്‍ ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവിടെ. അവര്‍ക്ക് ഞാന്‍ മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് കരുതിയത്. എന്റെ പ്രായത്തില്‍ അവര്‍ക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ അസ്വഭാവികതയൊന്നും തന്നെ തോന്നിയില്ല. സത്യത്തില്‍ ഈ പെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്.
ആ കുട്ടി ഇയാള്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീട് വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണ് എന്നായിരുന്നു അന്ന് അയാളും ഭാര്യയും പറഞ്ഞത്. ഒരിക്കല്‍ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാള്‍ എന്നെ ചുംബിച്ചു. ഞാന്‍ മരവിച്ചുപോയി. അതിനെ കുറിച്ച് എനിക്ക് ആരോടും പറയാന്‍ സാധിക്കുമായിരുന്നില്ല. എന്റെ തെറ്റാണെന്ന് കരുതിയിരുന്നു. ഞാന്‍ പ്രാക്ടീസും ഡാന്‍സ് റിഹേഴ്‌സലും തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഓരോ ദിവസം കഴിയും തോറും അയാളുടെ ഉപദ്രവവും വര്‍ധിച്ചു.
Read more
അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. എന്നെ മകളെ എന്ന് വിളിച്ചു കൊണ്ടിരുന്ന അയാള്‍ക്ക് എന്നില്‍ ഒരു മകള്‍ വേണമെന്നായി. മാനസികമായി അയാള്‍ എന്നെ തളര്‍ത്തി. മലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെയും ഇതേ അനുഭവമുണ്ടായി. എന്നെ ലൈംഗികമായി ചൂഷണം ചെയ്ത സഹനടന്റെ പേര് ഇപ്പോള്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും എല്ലാം എന്നെ ചൂഷണം ചെയ്തു. മനുഷ്യവകാശ ലംഘനങ്ങള്‍ ഉണ്ടായി. ഒരാള്‍ എന്റെ മേല്‍ പാന്‍ ചവച്ച് തുപ്പി.