'ആദിപുരുഷിൽ' 100 ശതമാനം തെറ്റുപറ്റി; റിലീസിന് പിന്നാലെ നാടുവിടേണ്ടി വന്നു; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

പ്രഭാസിനെ നായകനാക്കി വൻ പ്രീ റിലീസ് ഹൈപ്പോടെ എത്തി തിയേറ്ററുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന് പൂർണ ഉത്തരവാദി താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മനോജ് മുൻതാഷിർ ശുക്ല.

ആദിപുരുഷിൽ തന്റെ ഭാഗത്തായിരുന്നു മുഴുവൻ തെറ്റെന്നും, റിലീസിന് ശേഷം നാട് വിടേണ്ടി വന്നെന്നും മനോജ് മുൻതാഷിർ ശുക്ല പറഞ്ഞു.

“ആദിപുരുഷിൽ എനിക്ക് 100 ശതമാനം തെറ്റുപറ്റി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വധഭീഷണി ഉയർന്നതോടെ എനിക്ക് കുറച്ച് നാളത്തേക്ക് ഇന്ത്യ വിടേണ്ടി വന്നു. ആദിപുരുഷിന്റെ കാര്യത്തിൽ എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. മതത്തെ വ്രണപ്പെടുത്താനോ സനാതനത്തെ ബുദ്ധിമുട്ടിക്കാനോ ശ്രീരാമനെ അപകീർത്തിപ്പെടുത്താനോ ഹനുമാനെക്കുറിച്ച് ഇല്ലാത്ത എന്തെങ്കിലും പറയാനോ എനിക്ക് ഉദ്ദേശ്യമില്ല.

ഈ അപകടത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഇനി മുതൽ അതീവ ജാഗ്രത പുലർത്തും. ലോകം നിങ്ങളെ നല്ലവരായി കണക്കാക്കാം, നാളെ അത് വളരെ മോശമായി കണക്കാക്കാം, പക്ഷേ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ ഒരു ഹീറോയാണ്.” ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനോജ് പറഞ്ഞു.

Read more

500 കോടി മുതൽ മുടക്കിൽ ഓം പ്രകാശ് ആണ് ആദിപുരുഷ് സംവിധാനം ചെയ്തത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമായിരുന്നു വേഷമിട്ടത്.