ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’, മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.

2017-ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി- നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യിലും അനശ്വര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രത്തിലെ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. മോഹൻലാലുമായുള്ള ആദ്യത്തെ കോമ്പിനേഷൻ സീനിന് മുൻപ് ടെൻഷനുണ്ടായിരുന്നുവെന്നും മോഹൻലാൽ തന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ ചിലപ്പോൾ തൻ്റെ കൈയിൽ നിന്ന് പോവുമെന്ന് ജീത്തു ജോസഫിനോട് പറഞ്ഞിരുന്നുവെന്നും അനശ്വര പറയുന്നു.

“ലാൽ സാറിന്റെയും എൻ്റെയും ആദ്യത്തെ കോമ്പിനേഷൻ സീൻ അതായിരുന്നു. അദ്ദേഹം ആദ്യമായി വന്ന് പരിചയപ്പെടുമ്പോൾ തന്നെ ഒരു ടെൻഷനുണ്ട്. എങ്ങനെ ചെയ്യും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം എനിക്കൊരു വലിയ ഡയലോഗാണ് പറയാൻ ഉള്ളത്. ഈ ഡയലോഗ് മൊത്തം ഞാൻ ഇരുന്ന് പറയണം.

ലാൽ സാർ എൻ്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ ചിലപ്പോൾ എൻ്റെ കൈയിൽ നിന്ന് പോവുമെന്ന് ഞാൻ ജീത്തു സാറോട് പറയുന്നുണ്ട്. നീ ചെയ്യ് ഒന്നും പേടിക്കേണ്ടായെന്ന് ജീത്തു സാർ പറയുന്നുണ്ട്.

ലാൽ സാർ വന്ന് എല്ലാരോടും നന്നായി സംസാരിക്കുന്നുണ്ട്. ഭയങ്കര ഫ്രീയായിട്ട് ഫ്രണ്ട്ലിയായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പക്ഷെ ആക്ഷൻ പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ നല്ല ഫ്രീ ആയത് പോലെ തോന്നി. അതുവരെ അങ്ങനെ അല്ലായിരുന്നു.

എനിക്കൊരു പിടിത്തം ഉണ്ടായിരുന്നു. ആക്ഷൻ പറഞ്ഞതോടെ എന്റെ മുന്നിലുള്ളത് ലാൽ സാർ ആണെന്നോ, വലിയൊരു നടൻ ആണെന്നോ എനിക്ക് ഫീൽ ചെയ്‌തില്ല. കാരണം ഞാൻ പൂർണമായി ആ കഥാപാത്രമായി തന്നെയാണ് അവിടെ നിന്നത്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞത്.

Read more