മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’, മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.
2017-ൽ പുറത്തിറങ്ങിയ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈയാടുത്ത് പുറത്തിറങ്ങിയ ‘മലയാളി ഫ്രം ഇന്ത്യ’, പൃഥ്വി- ബേസിൽ ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്. അതേസമയം മോഹൻലാലിൽ നിന്ന് എടുക്കാൻ ആഗ്രഹിക്കുന്നത് താരത്തിന്റെ വെർസെറ്റിലിറ്റിയാണെന്നും അനശ്വര രാജൻ പറയുന്നു.
ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ഉദാഹരണം സുജാത എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. തനിക്ക് ഈ ഇൻഡസ്ട്രിയിൽ ഏറ്റവും ഗ്രാറ്റിറ്റിയൂഡുള്ള ഒരാൾ മഞ്ജു വാര്യരാണെന്നാണ് അനശ്വര രാജൻ പറയുന്നത്.
“മഞ്ജു ചേച്ചിയുടെ സ്വീറ്റ്‌നെസ് എനിക്ക് വേണമെന്നുണ്ട്. ആള് വളരെ ജെന്റിലും സോഫ്റ്റുമാണ്. വളരെ കംഫേർട്ട് പേഴ്‌സണാണ് ചേച്ചി. എനിക്ക് ഈ ഇൻഡസ്ട്രിയിൽ ഏറ്റവും ഗ്രാറ്റിറ്റിയൂഡുള്ള ഒരാൾ മഞ്ജു ചേച്ചിയാണ്. വളരെ സ്വീറ്റസ്റ്റ് ആയ ഹഗ്ഗ് തരുന്ന ആളാണ്.
ലാലേട്ടനിൽ നിന്ന് ഞാൻ എടുക്കാൻ ആഗ്രഹിക്കുന്ന ക്വാളിറ്റി ആളുടെ വെർസെറ്റിലിറ്റിയാണ്. നമ്മളോട് ചിരിച്ചു കളിച്ച് നിന്നിട്ട് പെട്ടെന്ന് ക്യാരക്ടർ ആകാനുള്ള ആളുടെ കഴിവ് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
അതേസമയം ഒരു കല്ല്യാണവും തുടർന്ന് രണ്ട് കുടുംബങ്ങളിൽ ഉടലെടുക്കുന്ന സംഭവവികാസങ്ങളുമാണ് കോമഡി- എന്റർടൈനർ ഴോണറിലൊരുങ്ങുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രമേയം. തമിഴ് താരം യോഗി ബാബു ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.