കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി, നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു: അരവിന്ദ് സ്വാമി

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്ന് നടന്‍ അരവിന്ദ് സ്വാമി. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അരവിന്ദ് സ്വാമി സംസാരിച്ചത്. 2000നും 2013നും ഇടയ്ക്കാണ് അരവിന്ദ് സ്വാമിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

ഇതോടെയാണ് അരവിന്ദ് സ്വാമിയുടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത്. വളരെയധികം വേദനയാണ് കാലിന് അനുഭവപ്പെട്ടിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ കിടക്കയില്‍ തന്നെയായിരുന്നു താനെന്നും നടന്‍ പറഞ്ഞു. ശരീരത്തിന് നിരവധി പരിക്കുകളുണ്ടായിരുന്നു, കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നുവെന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി.

എന്നാല്‍ വെല്ലുവിളികള്‍ക്കിടയിലും തളരാതെ മുന്നോട്ടുപോയി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കാലുകളുടെ ചലനശേഷി വീണ്ടെടുത്തത്. ഇതിന് പിന്നാലെ വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ രംഗത്തും ഒരു വലിയ തിരിച്ചുവരവ് നടത്താനും കഴിഞ്ഞു.

അതേസമയം, മെയ്യഴകന്‍ ആണ് അരവിന്ദ് സ്വാമിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. കാര്‍ത്തി ആണ് ചിത്രത്തില്‍ മറ്റൊരു നായകനായി എത്തിയത്. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ചില്ല. ഗാന്ധി ടോക്‌സ് എന്ന ചിത്രമാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.