നാദിർഷയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ നായകരായി 2015-ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘അമർ അക്ബർ അന്തോണി’. അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിൽ നിന്ന് ആസിഫ് അലിയെ ഒഴിവാക്കിയത് പൃഥ്വിയുടെ നിർദേശപ്രകാരമാണ് എന്ന നാദിർഷയുടെ വാക്കുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
എന്നാൽ ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. പൃഥ്വി ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് ആസിഫ് അലി പറയുന്നത്. ക്ലാസ്മേറ്റ്സിന് ശേഷം പൃഥ്വി, ഇന്ദ്രജിത്ത്, ജയസൂര്യ എന്നീ കോമ്പോ വീണ്ടുമെത്തുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ആസിഫ് അലി പറയുന്നത്. കൂടാതെ നാദിർഷയുടെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അത് തന്നെ വിഷമിപ്പിച്ചുവെന്നും ആസിഫ് അലി കൂട്ടിചേർത്തു.
“അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോൾ പൃഥ്വിയെന്ന് പറയുന്നത് എല്ലാവർക്കും മനസിലാവാൻ വേണ്ടിയാണ്. ഞാൻ രാജുവേട്ടാ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അർഥം.
ഞാനായിരുന്നു അവരിലൊരാൾ എങ്കിൽ ഒരിക്കലും ആ സിനിമയ്ക്ക് അത്രയും സ്വീകാര്യത കിട്ടില്ല. ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോവാൻ നമ്മൾ തീരുമാനിക്കുന്നതു തന്നെ ആ മൂന്നു പേരെ കണ്ടിട്ടാണ്. എനിക്ക് വ്യക്തിപരമായി ഏറ്റവും വിഷമം തോന്നിയ കാര്യം, ഞാൻ ആക്‌സിഡന്റ് പറ്റി വീട്ടിൽ കിടന്ന സമയത്ത് എന്നെ എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചത് രാജുവേട്ടനായിരുന്നു. സുപ്രിയ ചേച്ചിയും വിളിക്കും. എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ സമയെ വിളിക്കും.
സർജറി കഴിഞ്ഞാലും നീ ശ്രദ്ധിക്കണമെന്നും മൂന്നു മാസം തീർച്ചയായും റെസ്റ്റ് എടുക്കണമെന്നുമെല്ലാം എന്നോട് പറഞ്ഞത് രാജുവേട്ടൻ ആയിരുന്നു. അദ്ദേഹത്തെ കാണിച്ച അതേ ഡോക്ടറെ തന്നെ പോയി കാണിക്കണമെന്നും പറഞ്ഞത് രാജുവേട്ടൻ തന്നെയായിരുന്നു. ഞങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്‌നമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്കതു വലിയ വിഷമമായി.” എന്നാണ് ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.
അതേ സമയം ഫൈസൽ എന്ന ട്രാവൽ ഏജന്റ് ആയാണ് ആസിഫ് അലി ചിത്രത്തിലെത്തിയത്. ആസിഫ് അലിയും ബിജു മേനോനും നായകരായി എത്തിയ തലവൻ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിലാണ് ഒരുങ്ങിയത്. വലിയ ഒരിടവേളയ്ക്ക് ശേഷം ഒരു ആസിഫ് അലി ചിത്രത്തിന് ലഭിക്കുന്ന മികച്ച റെസ്പോൺസ് ആണ് തലവന് ലഭിച്ചുകൊണ്ടിരിക്കുന്നത്.