തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങളാണ് അനിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കാവൂ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്റര്‍ ആണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അനുസരിച്ചുള്ള ദൂരപരിധി. രണ്ട് എഴുന്നള്ളിപ്പിനിടയില്‍ 24 മണിക്കൂര്‍ വിശ്രമം ഉറപ്പാക്കണം. എഴുന്നള്ളിപ്പിന് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുകൂടാതെ ആനകളെ ഉപയോഗിച്ച് പുഷ്പ വൃഷ്ടി, തലയെടുപ്പ് മത്സരം, വണങ്ങല്‍ തുടങ്ങിയവ നടത്താന്‍ പാടില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം വാഹനങ്ങളില്‍ 100 കിലോമീറ്ററിലധികം ദൂരം ആനകളെ കൊണ്ടുപോകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതേസമയം ആന എഴുന്നള്ളിപ്പ് വളരെ സെന്‍സിറ്റീവായ വിഷയമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയം വളരെ സെന്‍സിറ്റീവാണെന്നും ധൃതിപിടിച്ച് ഒരു തീരുമാനമെടുക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.