മലയാള സിനിമ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.
ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും പൃഥ്വിയുടെ ഡയറക്ഷൻ രീതികളെ കുറിച്ചും സംസാരിക്കുകയാണ് ബൈജു. കയ്യിൽ നിന്നും ഇടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സെറ്റിൽ നടക്കില്ലെന്നാണ് ബൈജു പറയുന്നത്. ചേട്ടാ ഇങ്ങനെയാണ് എനിക്ക് വേണ്ടതെന്ന് പൃഥ്വി കൃത്യമായി പറയുമെന്നും, പൃഥ്വിക്ക് സ്വന്തം സിനിമയെ കുറിച്ച് കൃത്യമായൊരു റീഡിംഗ് ഉണ്ടെന്നും ബൈജു പറയുന്നു. ഇങ്ങനെ പോയാല് അധികം വൈകാതെ പൃഥ്വി ഒരു ഹോളിവുഡ് സിനിമ ചെയ്യാനും സാധ്യതയുണ്ടെന്നും ബൈജു പറയുന്നു.
“പൃഥ്വിരാജ് എന്ന സംവിധായകന്റെ മനസില്‍ എന്താണ് എടുക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ കൃത്യമായ ചിന്തയുണ്ട്. അതല്ലാതെ വേറെ ആരെകൊണ്ടും അദ്ദേഹം ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. ഈ കൈയ്യില്‍ നിന്നിടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സിനിമയില്‍ ഇല്ല. അതൊന്നും അവിടെ നടക്കില്ല. ‘ചേട്ടാ ഇത് മതി, ഇങ്ങനെയാണ് എനിക്ക് വേണ്ടത്’ എന്ന് രാജു പറയും. അത് കറക്ടായിരിക്കും. അയാള്‍ക്ക് സ്വന്തം സിനിമയെ പറ്റി ഒരു റീഡിങ് ഉണ്ടാകുമല്ലോ.
പിന്നെ സെറ്റില്‍ വളരെ സീരിയസാണ് അദ്ദേഹം. ഒപ്പം വര്‍ക്ക് ചെയ്യാന്‍ നല്ല രസമാണ്. രാജു വളരെ ശ്രദ്ധിച്ച് കോണ്‍സണ്‍ട്രേറ്റ് ചെയ്താണ് ഇരിക്കുക. സീനിനെ കുറിച്ച് നരേറ്റ് ചെയ്യുമ്പോഴും അങ്ങനെ തന്നെയാണ്. ഈ പോക്കാണെങ്കില്‍ ഒരു ഹോളിവുഡ് പടം ഡയറക്ട് ചെയ്യേണ്ടി വരുമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞിരുന്നു. ഉടനെ അല്ലെങ്കിലും കുറച്ച് കഴിഞ്ഞിട്ട് ചിലപ്പോള്‍ അത് സംഭവിച്ചേക്കാം.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബൈജു പറഞ്ഞത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, നന്ദു, ബൈജു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തമിഴിൽ നിന്നും അർജുൻ ദാസും, ബോബി സിംഹയും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അടുത്ത വർഷമായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.