എന്റെ മരണശേഷം അതെല്ലാം പുറത്തുവരും.. അന്ന് അവര്‍ എന്നെ മകനായാണ് കണ്ടത്; വെളിപ്പെടുത്തി ബാല

വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും താന്‍ ചെയ്തിട്ടുള്ള കാരുണ്യ പ്രവര്‍ത്തികള്‍ നടന്‍ ബാല പങ്കുവയ്ക്കാറുണ്ട്. പബ്ലിസിറ്റി എന്നതിനപ്പുറം താന്‍ ചെയ്യുന്നത് കണ്ട് മറ്റുള്ളവര്‍ക്കും ചെയ്യാന്‍ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം പങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബാല. കഴിഞ്ഞ ദിവസം ഒരു കോളേജില്‍ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. പതിനേഴാം വയസ് മുതല്‍ താന്‍ ചാരിറ്റി ചെയ്യുന്നുണ്ടെന്നാണ് ബാല പറയുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഇന്‍സ്പിരേഷനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

”ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്സ് കൊടുക്കാനായി ഒരു ആശ്രമത്തില്‍ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവര്‍ക്കും സ്വീറ്റ്സ് നല്‍കികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യില്‍ പിടിച്ചു. എന്നിട്ട് തമിഴില്‍ പറഞ്ഞു, ‘തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ’ എന്ന്.”

”ആദ്യം എനിക്കെന്താണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവര്‍ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. പിന്നീട് എന്റെ പതിനേഴാം വയസ്സ് മുതല്‍ ഞാന്‍ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്.”

”ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പറയാന്‍ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാന്‍ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോള്‍ മനസിലാകും” എന്നാണ് ബാല പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.