‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും 4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതികതയില്‍ തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഒന്‍പതിന് 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യ-ശ്രവ്യ ചാരുതയോടെ ‘സ്ഫടികം’ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലും റിലീസ് ചെയ്യും.
ഇപ്പോഴിതാ സംവിധാകന്‍ ഭദ്രന്‍ സിനിമയുടെ റീ മാസ്റ്ററിംഗ് ജോലികള്‍ക്കിടയില്‍ തന്റെ മനസ്സില്‍ ഉടക്കിയ ഒരു ചിത്രവും കുറിപ്പും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്. സ്ഫടികത്തിന്റെ സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിനെക്കുറിച്ചാണ് ഭദ്രന്റെ കുറിപ്പ്.
‘എന്റേയും കണ്ണ് നിറയിച്ച നിമിഷമായിരുന്നു അത്. യാദൃശ്ചികമായി ക്യാമറയില്‍ പെട്ട ഈ ചിത്രം ഞാന്‍ എന്നും സൂക്ഷിക്കും. എത്രയോ പ്രാവശ്യം കണ്ട് സംഗീതം ചെയ്ത ഈ സിനിമ ഒരിക്കല്‍ കൂടി 4K അറ്റ്മോസിന് വേണ്ടി സംഘര്‍ഷ ഭരിതമായ സീനുകളിലൂടെ മ്യൂസിക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആ ഹൃദയം ഒരു നിമിഷം ഖനീഭവിച്ചു. ആ കണ്ണുകള്‍ നിറഞ്ഞു ഒഴുകി. ഇതിന്റെ അപാരമായ ബാക്ഗ്രൗണ്ട് സ്‌കോറും ഇതിലെ പാട്ടുകളും ഈ സിനിമയെ എത്രമാത്രം സഹായിച്ചു എന്ന് എത്ര വാക്കുകള്‍ ചേര്‍ത്ത് പറഞ്ഞാലും മതിയാവില്ല. എന്റെ ഹൃദയത്തില്‍ നിന്നും എന്നും എസ്.പിക്ക് സൂക്ഷിക്കാന്‍ ഒരു കുതിരപ്പവന്‍”, ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Read more
തിലകന്‍, രാജന്‍ പി. ദേവ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, എന്‍എഫ് വര്‍ഗ്ഗീസ്, സില്‍ക്ക് സ്മിത തുടങ്ങി നിരവധി താരങ്ങളാണ് സ്ഫടികത്തിലുള്ളത്. ചാക്കോ മാഷായി തിലകനും തോമാച്ചായനായി മോഹന്‍ലാലും മത്സരിച്ച് അഭിനയിച്ച ചിത്രം ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളും സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മളതയും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. 1995-ലാണ് ഭദ്രന്‍ ‘സ്ഫടികം’ ഒരുക്കിയത്.