'മാനേജര്‍ നേരിട്ട് വിളിച്ചു, ആശിര്‍വാദ് സിനിമാസില്‍ ബിരിയാണി പ്രദര്‍ശിപ്പിക്കും'; പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സജിന്‍ ബാബു

കോഴിക്കോട് ആശിര്‍വാദ് സിനിമാസില്‍ “ബിരിയാണി” ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് ഉണ്ടായ പ്രശ്നം പരിഹരിച്ചെന്ന് സംവിധായകന്‍ സജിന്‍ ബാബു. മാനേജര്‍ തന്നെ നേരിട്ട് വിളിച്ച് ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന ഉറപ്പ് തന്നിട്ടുണ്ട് എന്നാണ് സജിന്‍ ബാബു ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ സെക്ഷ്വല്‍ സീനുകള്‍ കൂടുതല്‍ ആയതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ ആവില്ലെന്ന് ആയിരുന്നു തിയേറ്റര്‍ മാനേജര്‍ ആദ്യം അറിയിച്ചത്. തുടര്‍ന്ന് സജിന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇത് വാര്‍ത്തയാകുകയും സിനിമാപ്രവര്‍ത്തകരും സംവിധായകരും അടക്കം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ നേരിട്ട് വിളിച്ച് ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് മാനേജര്‍ പറഞ്ഞതായി സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

“”സിനിമ കളിക്കില്ല എന്ന പ്രശ്നം കോഴിക്കോട് പരിഹരിക്കപ്പെട്ടു.. ആര്‍പി മാളിലെ ആശിര്‍വാദ് സിനിമയുടെ മാനേജര്‍ സണ്ണി സാര്‍ എന്നെ നേരിട്ട് വിളിച്ച് “ബിരിയാണി” അവിടെ കളിക്കാമെന്ന് ഉറപ്പ് അറിയിച്ചിട്ടുണ്ട്.. അടുത്ത ഷോ 4 മണിക്കാണ് നാളെ രാവിലെ 11:15-നും, 4-നുമാണ് ഷോ ടൈം… കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി…”” എന്നാണ് സജിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശമാണ് ബിരിയാണിക്ക് ലഭിച്ചത്. അവാര്‍ഡ് കിട്ടി എന്നതു കൊണ്ട് അവാര്‍ഡ് സിനിമയായി കാണരുത് എന്നാണ് സംവിധായകന്‍ സജിന്‍ ബാബു പ്രതികരിച്ചത്.

അമ്പതിലേറെ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബിരിയാണി ഇതിനോടകം 18 പുരസ്‌കാരം നേടിയിട്ടുണ്ട്. അതൊക്കെയാണ് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ധൈര്യം നല്‍കുന്നത് എന്നാണ് സജിന്‍ പറഞ്ഞത്. മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. കനി കുസൃതിക്ക് ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര പുരസ്‌കാരവും സംസ്ഥന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.