ജയസൂര്യയെ ഞാന്‍ അടിച്ചിട്ടുണ്ട്, ആ സിനിമയുടെ സമയത്ത് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു..; തുറന്നു പറഞ്ഞ് കലാ മാസ്റ്റര്‍

വര്‍ഷങ്ങളായി സിനിമയില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്റര്‍ ആണ് കലാ മാസ്റ്റര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ കല പ്രവര്‍ത്തിച്ചിട്ടുണ്ട്. കലാ മാസ്റ്ററുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പവുമെല്ലാം കല പ്രവര്‍ത്തിച്ചിട്ടുണ്ട്. നടന്‍ ജയസൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം കല പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യയുടെ ആദ്യ സിനിമയായ ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കലാ മാസ്റ്റര്‍ പറയുന്നത്. ”ആ സിനിമയുടെ സമയത്ത് ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവനെ അടിച്ചിട്ട് പോലുമുണ്ട്.”

”സിനിമയുടെ അവസാനം ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിട്ട് ‘എന്നെടി കലാ’ എന്നായിരുന്നു അവന്‍ ചോദിക്കാറുള്ളത്. പക്ഷെ അതിന് മുമ്പ് ഞാന്‍ അവനോട് പലപ്പോഴും നീ അടി വാങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ അവന്‍ അടി വാങ്ങിയിട്ടുമുണ്ട്. കാരണം അവന് ഒന്നും അറിയില്ലായിരുന്നു.”

”പക്ഷെ നല്ല പയ്യനാണ് ജയസൂര്യ, ഒരുപാട് വികൃതിയുമാണ്. ആദ്യ സിനിമയായിട്ട് പോലും പിന്നില്‍ വന്ന് നിന്ന് ശല്യപ്പെടുത്തും. വന്ന് ഡാന്‍സ് കളിക്കെടായെന്ന് ഞാന്‍ പറയണം. അവന് ആ സമയത്ത് തമിഴ് മനസിലാകില്ലായിരുന്നു. അപ്പോള്‍ ഡാന്‍സ് ചെയ്യാന്‍ പറഞ്ഞ് രണ്ട് അടി കൊടുക്കും.”

”പിന്നെ അവന്‍ നന്നായി. ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്” എന്നാണ് യെസ് എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കലാ മാസ്റ്റര്‍ പറയുന്നത്. അതേസമയം, 2002ല്‍ ആണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ റിലീസ് ആകുന്നത്. വിനയന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മികച്ച വിജയവും നേടിയിരുന്നു.

Read more